പശ്ചിമ ബംഗാളിലെ രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് പിന്നാലെ രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലെ എക്സിറ്റ് പോൾ ഫലങ്ങൾ പുറത്തുവന്നു തുടങ്ങി. കേരളത്തിൽ ഭരണമാറ്റം ഉണ്ടാകുമെന്നും 85 മുതൽ 90 വരെ സീറ്റുകൾ നേടി യുഡിഎഫ് അധികാരത്തിൽ വരുമെന്നുമാണ് പ്രവചനം. എൽഡിഎഫിന് 49 മുതൽ 62 വരെ സീറ്റുകളാണ് സർവേ പ്രവചിക്കുന്നത്. തരംഗമുണ്ടായാൽ യു ഡി എഫ് സീറ്റ് നില 90 കടക്കുമെന്നും എക്സിറ്റ് പോളുകൾ പ്രവചിക്കുന്നുണ്ട്. അതേസമയം ബിജെപിക്ക് 0-3 സീറ്റുകൾ വരെ ലഭിക്കുമെന്നും സർവേ ഫലങ്ങൾ സൂചിപ്പിക്കുന്നു. കേരളത്തിൽ യുഡിഎഫ് അധികാരത്തിൽ തിരിച്ചെത്തുമെന്നാണ് ടൈംസ് നൗ പുറത്തുവിട്ട ആദ്യ സർവേ ഫലങ്ങൾ സൂചിപ്പിക്കുന്നത്.
പശ്ചിമ ബംഗാളിൽ ബിജെപി അധികാരം പിടിച്ചെടുക്കുമെന്ന് പോൾ ഡയറി പ്രവചിക്കുന്നു. തൃണമൂൽ 99 മുതൽ 127 സീറ്റ് വരെയും എൻഡിഎ 142 മുതൽ 171 സീറ്റു വരെയും നേടുമെന്ന് പോൾ ഡയറി പ്രവചിക്കുന്നു. തമിഴ്നാട്ടിൽ ഡി എം കെ സഖ്യം അധികാരത്തിൽ വരുമെന്ന് ഭൂരിപക്ഷം സർവേകളും പറയുന്നു. എന്നാൽ ചില സർവേകൾ എ ഐ എ ഡി എം കെ സഖ്യം അധികാരത്തിൽ വരുമെന്ന് ചൂണ്ടിക്കാട്ടുന്നുണ്ട്. അസാമിലും പുതുച്ചേരിയിലും ബിജെപി അധികാരത്തിൽ വരുമെന്ന് എല്ലാ എക്സിറ്റ് പോൾ ഫലങ്ങളും സൂചിപ്പിക്കുന്നുണ്ട്.
കേരളം, അസം, പുതുച്ചേരി എന്നിവിടങ്ങളിൽ ഏപ്രിൽ 9-നും തമിഴ്നാട്ടിൽ ഏപ്രിൽ 23-നും വോട്ടെടുപ്പ് പൂർത്തിയായിരുന്നു. ബംഗാളിലെ രണ്ടാം ഘട്ടം ഇന്ന് അവസാനിച്ചതോടെയാണ് ഔദ്യോഗികമായി എക്സിറ്റ് പോളുകൾ പ്രസിദ്ധീകരിച്ചു തുടങ്ങിയത്.