പി വി അൻവർ ബേപ്പൂർ മണ്ഡലത്തിൽ യുഡിഎഫ് സ്ഥാനാർത്ഥിയാകുമെന്ന കെപിസിസി അദ്ധ്യക്ഷൻ സണ്ണി ജോസഫിൻ്റെ പ്രസ്‌താവന തള്ളി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. അൻവറിനെ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ലെന്നും സീറ്റ് വിഭജനം പൂർത്തിയായാൽ മാത്രമേ സ്ഥാനാർത്ഥി പ്രഖ്യാപനം ഉണ്ടാവുകയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു.
‘വർഗീയതയുമായി ഒരു തരത്തിലും വിട്ടുവീഴ്ച ചെയ്യില്ല. എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെളാപ്പളി നടേശനും എൻഎസ്എസും എനിക്കെതിരെ ഉന്നയിക്കുന്ന വിമർശനങ്ങൾ എൻ്റെ രാഷ്ട്രീയ നിലപാടുകൾ കാരണമാണെങ്കിൽ അതിൽ സന്തോഷമേയുള്ളൂ. വ്യക്തിപരമായ വിരോധമായിരിക്കാം എന്നോടുളത്. കോൺഗ്രസിനോടോ യുഡിഎഫിനോടോ അവർക്ക് വിരോധമില്ലല്ലോ.
വർഗീയത ആരുപറഞ്ഞാലും അതിനെ എതിർക്കും. എൻ്റെ നിലപാടിനൊപ്പം മതേതര മനസുളവർ നിൽക്കും’ – വി ഡി സതീശൻ പറഞ്ഞു. ‘എവിടെ അൻവർ മത്സരിച്ചാലും ജയിക്കുമെന്ന അർത്ഥത്തിലാണ് കെപിസിസി അദ്ധ്യക്ഷൻ സംസാരിച്ചത്. അത് ഔദ്യോഗിക പ്രഖ്യാപനമല്ലെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.