തദ്ദേശ തിരഞ്ഞെടുപ്പിൽ യുഡിഎഫിന് ജനങ്ങൾ നൽകിയ വിജയം വിനയത്തോടെ സ്വീകരിക്കുന്നതായി കെപിസിസി അധ്യക്ഷൻ അഡ്വ.സണ്ണി ജോസഫ് എംഎല്‍എ. യുഡിഎഫ് പ്രതിനിധികൾ ജനങ്ങളുടെ ദാസന്മാരായി പ്രവർത്തിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. പ്രതീക്ഷിച്ചതിലും വലിയ വിജയമാണ് ജനങ്ങൾ മുന്നണിക്ക് നൽകിയതെന്നും എന്നാൽ തിരുവനന്തപുരത്തെ ബിജെപി വിജയം കോൺഗ്രസ് ഗൗരവത്തോടെ കാണുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
എല്ലാവരുടെയും കൂട്ടായ്മയുടെ ഫലമാണ് ഈ വിജയമെന്ന് സണ്ണി ജോസഫ് പറഞ്ഞു. ഇത് ജനങ്ങൾ യുഡിഎഫിന് സമ്മാനിച്ച വിജയമാണ്. സർക്കാരിൻ്റെ ഭരണസംവിധാനങ്ങൾ തിരഞ്ഞെടുപ്പ് ആവശ്യങ്ങൾക്കായി ദുരുപയോഗം ചെയ്ത ഒരു കാലഘട്ടമാണിത്. വാർഡുകളെ വികൃതമാക്കി വെട്ടിമുറിക്കാൻ പോലും സർക്കാർ ശ്രമിച്ചു. സർക്കാരിൻ്റെ ജനദ്രോഹ നയങ്ങൾ യുഡിഎഫ് കൃത്യമായി ജനങ്ങളുടെ മുന്നിൽ തുറന്നുകാട്ടിയെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ശബരിമല വിഷയത്തിലെ സർക്കാരിൻ്റെ നിലപാടുകളെയും അദ്ദേഹം രൂക്ഷമായി വിമർശിച്ചു. ശബരിമലയിൽ നടന്നത് തീവെട്ടിക്കൊള്ളയാണ്. ചരിത്രത്തിലെ ഏറ്റവും വലിയ മോഷണമാണ് അവിടെ നടന്നത്.