അങ്കമാലി–നെടുമ്പാശേരി ദേശീയപാതയിൽ നിയന്ത്രണം വിട്ട ബൈക്ക് കാറിലും ലോറിയിലും ഇടിച്ചുണ്ടായ അപകടത്തിൽ രണ്ട് യുവാക്കൾ മരിച്ചു. പത്തനംതിട്ട വെറ്റിപ്പുറം ശ്രീശൈലത്തിൽ കബിൽ (24), മാക്കൻകുന്നുകരയിൽ ആദിത്യൻ (23) എന്നിവരാണ് മരിച്ചത്.
ഞായറാഴ്ച ഉച്ചയോടെയായിരുന്നു അപകടം. ഇരുവരും സഞ്ചരിച്ചിരുന്ന ബൈക്ക് നിയന്ത്രണം വിട്ട് ആദ്യം കാറിലും തുടർന്ന് ലോറിയിലും ഇടിച്ച് മറിയുകയായിരുന്നു. അപകടത്തെ തുടർന്ന് നാട്ടുകാർ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ഇരുവരുടെയും ജീവൻ രക്ഷിക്കാനായില്ല.
മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിനുശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും. സംഭവത്തിൽ പൊലീസും ഫയർഫോഴ്സും സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു.
ദേശീയപാത നവീകരണ പ്രവൃത്തികൾ നടക്കുന്നതിനാൽ ഈ ഭാഗത്ത് അപകടങ്ങൾ പതിവായതായി നാട്ടുകാർ ആരോപിച്ചു. രണ്ടാഴ്ച മുമ്പും ഇതേ സ്ഥലത്ത് നടന്ന മറ്റൊരു അപകടത്തിൽ രണ്ട് പേർ മരിച്ചിരുന്നു. അധികൃതരുടെ അനാസ്ഥയാണ് തുടർച്ചയായ അപകടങ്ങൾക്ക് കാരണമെന്നും നാട്ടുകാർ ആരോപിച്ചു.