തിരുവനന്തപുരം നെടുമങ്ങാട് വേങ്കവിളയിലെ നീന്തൽ പരിശീലനം നടത്തുന്ന കുളത്തിൽ കുളിക്കാനിറങ്ങിയ രണ്ട് കുട്ടികൾ മുങ്ങിമരിച്ചു. കുശർകോട് സ്വദേശികളായ ആരോമൽ (13), ഷിനിൽ (14) എന്നിവരാണ് മരിച്ചത്. ഇന്ന് ഉച്ചയ്ക്ക് ഒന്നരയോടെയാണ് അപകടമുണ്ടായത്. നീന്തൽ പരിശീലനം നടത്തുന്ന കുളത്തിൻ്റെ മതിൽ ചാടികടന്നാണ് കുട്ടികൾ അകത്തു കടന്നത്.
7 കുട്ടികളാണ് സംഘത്തിലുണ്ടായിരുന്നതെന്നാണ് വിവരം. ഇവരിൽ 2 പേർ മുങ്ങിത്താഴുന്നതു കണ്ട് ബാക്കിയുള്ളവർ തൊട്ടടുത്തുള്ള ഓട്ടോസ്റ്റാന്റ്റിൽ വിവരമറിയിച്ചു. തുടർന്ന് ഫയർഫോഴ്സ് കുട്ടികളെ പുറത്തെടുത്ത് നെടുമങ്ങാട് ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ഇവിടെ നീന്തൽ പരിശീലനമുള്ളത് ദിവസവും രാവിലെയും വൈകിട്ടുമാണ്. ഇതിനായി പരിശീലകരെയും പഞ്ചായത്ത് അധികൃതർ നിയമിച്ചിട്ടുണ്ട്. മുതിർന്നവർക്കും കുട്ടികൾക്കും ഇവിടെ പരിശീലനം നൽകുന്നുണ്ടെന്ന് അധികൃതർ പറഞ്ഞു.