എവറസ്റ്റ് കൊടുമുടി കീഴടക്കി തിരികെ മടങ്ങുന്നതിനിടെ രണ്ട് ഇന്ത്യൻ പർവതാരോഹകർ മരണപ്പെട്ടു. അരുൺ കുമാർ തിവാരി, സന്ദീപ് എന്നിവരാണ് മരിച്ചതെന്ന് നേപ്പാൾ അധികൃതർ അറിയിച്ചു. സന്ദീപ് ബുധനാഴ്ചയും അരുൺ കുമാർ തിവാരി വ്യാഴം വൈകിട്ട് 5.30 ഓടെയുമാണ് കൊടുമുടി കയറിയതെന്ന് ഉദ്യോഗസ്ഥർ പറയുന്നു.
കൊടുമുടിയിൽ നിന്ന് താഴേക്ക് ഇറങ്ങുന്നതിനിടെ ഇരുവർക്കും കടുത്ത ക്ഷീണവും ശ്വാസതടസ്സവും അനുഭവപ്പെടുകയായിരുന്നെന്നും അവരുടെ ഗൈഡുകൾ പരമാവധി ശ്രമിച്ചിട്ടും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ലെന്നും എക്സ്പെഡിഷൻ ഓപ്പറേറ്റേഴ്സ് അസോസിയേഷൻ ഓഫ് നേപ്പാളിൻ്റെ സെക്രട്ടറി ജനറൽ ഋഷി ഭണ്ഡാരി പറഞ്ഞു.
ഇന്നലെയാണ് സന്ദീപ് മരിച്ചത്. തിവാരി എപ്പോഴാണ് മരിച്ചതെന്നതിൽ വ്യക്തതയില്ല. മരണം സംബന്ധിച്ച കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല. കൊടുമുടി വിജയകരമായി കീഴടക്കിയ ശേഷമുള്ള മടക്കയാത്രയിലാണ് ഇരുവരെയും മരണം പിടികൂടിയത്.