മഗഡി താലൂക്കിലെ ഗുഡെമാരനഹള്ളിക്ക് സമീപം കാർ നിയന്ത്രണം വിട്ട് മരത്തിലിടിച്ചുണ്ടായ അപകടത്തിൽ രണ്ട് എൻജിനീയറിങ് വിദ്യാർഥിനികൾ മരിച്ചു. നാലുപേർക്ക് പരിക്കേറ്റു. ചൊവ്വാഴ്ച പുലർച്ചെ ആറുമണിയോടെയായിരുന്നു അപകടം. തുമക്കൂരിലെ സ്വദേശികളായ ജാനവി, വൈഷ്ണവി (19) എന്നിവരാണ് മരിച്ചത്. ബെംഗളൂരുവിലെ സപ്തഗിരി എൻജിനീയറിങ് കോളേജിൽ രണ്ടാം വർഷ വിദ്യാർഥിനികളായിരുന്നു ഇരുവരും.
കോളേജ് സംഘടിപ്പിച്ച സാമൂഹിക സേവന പരിപാടിയിൽ പങ്കെടുക്കുന്നതിനായി ആറ് വിദ്യാർഥികൾ കാറിൽ കുനിഗലിന് സമീപമുള്ള ഹുത്രിദുർഗയിലേക്ക് പോകുന്നതിനിടെയാണ് അപകടമുണ്ടായത്. ഗുഡെമാരനഹള്ളിക്ക് സമീപം എത്തിയപ്പോൾ കാർ നിയന്ത്രണം വിട്ട് റോഡരികിലെ മരത്തിലേക്ക് ഇടിച്ചുകയറുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ കാർ തകർന്നു. ജാനവിയും വൈഷ്ണവിയും സംഭവസ്ഥലത്തുതന്നെ മരിച്ചു.
അപകടത്തിൽ ഗഗൻ, ജസ്വന്ത്, ഹർഷിണി എസ്, ഹർഷിണി ജി എന്നിവർക്ക് പരിക്കേറ്റു. ഇവരെ ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിച്ച് ചികിത്സ നൽകി. കുദുരു പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കാർ ഓടിച്ചിരുന്ന ജസ്വന്തിനെതിരെ അശ്രദ്ധമായും അപകടകരമായും വാഹനമോടിച്ചതിന് കേസെടുത്തതായാണ് റിപ്പോർട്ട്. അപകടത്തിൻ്റെ കൃത്യമായ കാരണം കണ്ടെത്താൻ പൊലീസ് അന്വേഷണം തുടരുകയാണ്.