വ്യാപാര കരാർ, ഇന്ത്യാ- പാകിസ്താൻ സംഘർഷം അവസാനിപ്പിക്കാൻ ഉപയോഗിച്ചു വെന്ന് ആവർത്തിച്ച് ട്രംപ് ഭരണകൂടം. യു.എസ് കൊമേഴ്സ് സെക്രട്ടറി ഹൊവാർഡ് ലുട്നിക് യു.എസ് കോടതിയിൽ നൽകിയ സത്യവാങ്മൂലത്തിലാണ് ഇക്കാര്യം ഉള്ളത്. ഇതോടെ ഇതുവരെ പ്രസ്താവനകളിൽ മാത്രമായി ഒതുങ്ങി നിന്ന അവകാശവാദങ്ങൾക്ക് ഔദ്യോഗിക സ്വഭാവം കൈവന്നു.
യു.എസുമായി വ്യാപാരബന്ധത്തിന് അനുമതി നൽകിയതുകൊണ്ട് മാത്രമാണ് ഇന്ത്യയും പാകിസ്താനും തമ്മിൽ വെടിനിർത്തൽ സാധ്യമായത് എന്ന് ഹൊവാർഡ് ലുട്നിക് കോടതിയിൽ നൽകിയ സത്യവാങ്മൂലത്തിൽ പറയുന്നു. ഇരുരാജ്യങ്ങളും അതുവഴി തമ്മിൽ ഉണ്ടാകുമായിരുന്ന യുദ്ധം ഒഴിവാക്കാനായി.
ട്രംപിന്റെ വ്യാപാര നയങ്ങൾക്കെതിരായ കേസുകളിൽ വാദം കേൾക്കവേയാണ് ഹൊവാർഡ് ലുട്നിക് സത്യവാങ്മൂലം സമർപ്പിച്ചത്. വ്യാപാര നയങ്ങൾക്കെതിരായ ഏതൊരു വിധിയും മേഖലയിലെ സ്ഥിരതയ്ക്കും സുരക്ഷയ്ക്കും ഭീഷണിയായി മാറുമെന്നും ലക്ഷക്കണക്കിന് ആളുകൾ മരിക്കുന്നതിന് ഇടയാക്കുമെന്നും സത്യവാങ്മൂലത്തിൽ പറയുന്നു.