മട്ടന്നൂരിലെ യൂത്ത് കോൺഗ്രസ് പ്രവർത്തകൻ എസ്.പി. ഷുഹൈബ് വധക്കേസിൽ 8 വർഷങ്ങൾക്ക് ശേഷം വിചാരണ നാളെ തുടങ്ങും. തലശേരി അഡീഷണൽ സെഷൻസ് കോടതിയിലാണ് കേസിൻ്റെ വിചാരണ നടക്കുന്നത്. ഒന്നാം പ്രതി ആകാശ് തില്ലങ്കേരി ഉൾപ്പെടെ 17 സിപിഎം പ്രവർത്തകരാണ് കേസിൽ പ്രതിപ്പട്ടികയിലുള്ളത്.
കേസിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഷുഹൈബിൻ്റെ മാതാപിതാക്കൾ കോടതിയെ സമീപിച്ചതും തുടർന്നുണ്ടായ നിയമപോരാട്ടങ്ങളും ഇടത് സർക്കാരിൻ്റെ തടസവാദങ്ങളുമാണ് വിചാരണ ഇത്രയും വൈകാൻ കാരണമായത്.
എടയന്നൂർ തെരൂരിലെ തട്ടുകടയിൽ വെച്ച് 2018 ഫെബ്രുവരി 12-നാണ് യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡൻ്റായിരുന്ന ഷുഹൈബിനെ അക്രമിസംഘം ബോംബെറിഞ്ഞ് ഭീതി സൃഷ്ടിച്ച ശേഷം വെട്ടിക്കൊലപ്പെടുത്തിയത്. രാഷ്ട്രീയ വൈരാഗ്യത്തെത്തുടർന്ന് ആസൂത്രിതമായി നടത്തിയതായിരുന്നു ഈ കൊലപാതകം.
സംഭവത്തിന് പിന്നാലെ മട്ടന്നൂർ സിഐയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസം ഘം ആകാശ് തില്ലങ്കേരി, രഞ്ജിത് രാജ്, ദീപക് ചന്ദ്, ജിതിൻ ഉൾപ്പെടെയുള്ള പ്രതികളെ അറസ്റ്റ് ചെയ്തിരുന്നു. കേസിൽ പ്രതികളായ സിപിഎം പ്രവർത്തകരെ പിന്നീട് പാർട്ടി പുറത്താക്കിയിരുന്നു.