മലപ്പുറം കുറ്റിപ്പുറത്ത് സ്വകാര്യ ബസ് നിയന്ത്രണം വിട്ട് ഡിവൈഡറിൽ ഇടിച്ച് തലകീഴായി മറിഞ്ഞുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. നിരവധി പേർക്ക് പരിക്കേറ്റതായും, ഇതിൽ മൂന്ന് പേരുടെ നില ഗുരുതരമാണെന്നും റിപ്പോർട്ടുണ്ട്.
തൃശൂർ–കോഴിക്കോട് റൂട്ടിൽ സർവീസ് നടത്തിയിരുന്ന സ്വകാര്യ ബസാണ് അപകടത്തിൽപ്പെട്ടത്. അപകടസമയത്ത് ബസിൽ നിറയെ യാത്രക്കാരുണ്ടായിരുന്നു. നിയന്ത്രണം വിട്ട ബസ് ഡിവൈഡറിൽ ഇടിച്ച ശേഷം സമീപത്തെ കാറിന് മുകളിലേക്ക് മറിയുകയായിരുന്നു.
അപകടത്തെ തുടർന്ന് ബസിൻ്റെ നടുഭാഗം രണ്ടായി പിളർന്നു. ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് ബസ് വെട്ടിപ്പൊളിച്ചാണ് യാത്രക്കാരെ പുറത്തെടുത്തത്. പരിക്കേറ്റവരെ വളാഞ്ചേരി, കോട്ടയ്ക്കൽ എന്നിവിടങ്ങളിലെ സ്വകാര്യ ആശുപത്രികളിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഗുരുതരമായി പരിക്കേറ്റവരെ വിദഗ്ധ ചികിത്സയ്ക്കായി കോട്ടയ്ക്കലിലേക്ക് മാറ്റി.
അമിതവേഗവും മഴയെ തുടർന്ന് റോഡ് നനഞ്ഞുകിടന്നതുമാകാം അപകടത്തിന് കാരണമെന്ന് ദൃക്സാക്ഷികളും നാട്ടുകാരും പറയുന്നു. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.