‘ഹോംസ്റ്റേ’ എന്ന പേര് ഉപയോഗിച്ച് സർക്കാരിന്‍റെ അംഗീകാരമില്ലാതെ ബിസിനസ് നടത്തുന്നതിനെ തടയാൻ ടൂറിസം വകുപ്പ് രംഗത്ത്. വകുപ്പിൻ്റെ ക്ലാസിഫിക്കേഷൻ സർട്ടിഫിക്കറ്റ് എടുക്കാത്ത സ്ഥാപനങ്ങളെ ‘ഹോംസ്റ്റേ’ എന്ന പേരിൽ പ്രവർത്തിക്കാൻ അനുവദിക്കില്ല. ‘ഹോംസ്റ്റേ’ എന്ന പേരിൽ കുടുംബങ്ങൾ താമസിക്കാത്ത വീടുകൾ മാർക്കറ്റ് ചെയ്യുന്നതും സുരക്ഷാ പ്രശ്‌നങ്ങളും കണക്കിലെടുത്താണിത്.

ഡയറക്ടർ ശിഖാ സുരേന്ദ്രൻ, ടൂറിസം സെക്രട്ടറി കെ. ബിജു, എന്നിവരുടെ സാന്നിധ്യത്തിൽ ചേർന്ന യോഗത്തിലാണ് തീരുമാനം. അഡ്‌വൈസർ ഡോ. മുരളീമേനോൻ, കേരളാ ഹോംസ്റ്റേ ആൻഡ് ടൂറിസം സൊസൈറ്റി ഡയറക്ടർ എം.പി. ശിവദത്തൻ എന്നിവരും യോഗത്തിൽ പങ്കെടുത്തു. സർക്കാറിന്‍റെ അംഗീകാരത്തോടെ പ്രവർത്തിക്കുന്ന ഹോംസ്റ്റേകൾക്ക് ക്യൂ ആർ കോഡും, ബ്രാൻഡ് സിംബലും നൽകും.

അംഗീകൃത ഹോംസ്റ്റേകളെ ഒറ്റനോട്ടത്തിൽ തിരിച്ചറിയാൻ കഴിയുന്ന വിധത്തിൽ മുദ്രയുള്ള ബോർഡുകൾ മുന്നിൽ സ്ഥാപിക്കും. തദ്ദേശ സ്ഥാപനങ്ങൾക്കും പോലീസ് സ്റ്റേഷനുകൾക്കും അവയുടെ വിവരങ്ങൾ കൈമാറും. ഓൺലൈൻ പോർട്ടലുകളിൽ അംഗീകാരമില്ലാത്തവ രജിസ്റ്റർ ചെയ്യുന്നത് ടൂറിസം വകുപ്പ് തടയും. ഫ്ളാറ്റുകൾ സർവീസ് വില്ലകളായി പ്രവർത്തിക്കാൻ അനുമതി നൽകാനും തീരുമാനിച്ചു.

ഇതിന് റെസിഡൻസ് അസോസിയേഷൻ്റെ അനുമതി ആവശ്യമാണ്. സംസ്ഥാനത്ത് ഓൺലൈൻ പോർട്ടലുകൾ വഴി 5000 ത്തിൽപ്പരം ഹോംസ്റ്റേകളിലേക്ക് ബുക്കിങ് നടക്കുന്നുണ്ട്. എന്നാൽ സർക്കാർ അംഗീകാരത്തോടെ പ്രവർത്തിക്കുന്നവ 1200-ൽ താഴെയാണ്.

Related Posts