ഇന്ത്യയിലെ ദേശീയപാതകളിലെ ഗതാഗതക്കുരുക്കിന് ശാശ്വത പരിഹാരമായി ടോൾ പ്ലാസകൾ പൂർണ്ണമായും ഒഴിവാക്കാൻ നീക്കം തുടങ്ങി കേന്ദ്ര സർക്കാർ. തടസ്സങ്ങളില്ലാത്ത യാത്ര ഉറപ്പാക്കുന്ന ‘ഫ്രീ ഫ്ലോ’ ടോൾ സംവിധാനം നടപ്പിലാക്കുന്നതിന്റെ ഭാഗമായി ടോൾ ചട്ടങ്ങളിൽ വിപ്ലവകരമായ മാറ്റങ്ങളാണ് കേന്ദ്ര ഗതാഗത മന്ത്രാലയം വരുത്തിയിരിക്കുന്നത്.
വാഹനം നിർത്താതെ തന്നെ ടോൾ ഈടാക്കുന്ന അത്യാധുനിക സാങ്കേതികവിദ്യയുടെ പരീക്ഷണാടിസ്ഥാനത്തിലുള്ള പ്രവർത്തനം ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ ഇതിനകം ആരംഭിച്ചു കഴിഞ്ഞു. പുതിയ സംവിധാനം നിലവിൽ വരുന്നതോടെ ടോൾ നൽകാതെ പോകുന്ന വാഹനങ്ങൾക്കെതിരെ കടുത്ത നടപടികളുണ്ടാകുമെന്ന് കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി വ്യക്തമാക്കി.
ടോൾ നൽകാത്ത വാഹന ഉടമകൾക്ക് ഡിജിറ്റൽ സംവിധാനത്തിലൂടെ ഇ-നോട്ടീസ് അയക്കുകയും, പിഴയായി ടോൾ തുകയുടെ ഇരട്ടി വരെ ഈടാക്കും. കൃത്യമായ നിരീക്ഷണം ഉറപ്പാക്കുന്നതിനായി ടോൾ സോഫ്റ്റ്വെയറിനെ കേന്ദ്ര സർക്കാരിന്റെ ‘വാഹൻ’ ഡാറ്റാബേസുമായി നേരിട്ട് ബന്ധിപ്പിക്കാനാണ് തീരുമാനം. ഇതോടെ കുടിശ്ശിക വരുത്തുന്ന വാഹനങ്ങളുടെ വിവരങ്ങൾ ഉടനടി അധികൃതർക്ക് ലഭ്യമാകും.