കന്യാസ്ത്രീകളെ അറസ്റ്റു ചെയ്ത സംഭവത്തിൽ ബജ്റംഗ്ദൾ നേതാക്കൾക്കെതിരെ കേസെടുത്തേക്കും. ജ്യോതി ശർമ്മ അടക്കം ഉള്ളവർക്കെതിരെ പെൺകുട്ടികളാണ് പരാതി നൽകിയത്. അതേസമയം, കന്യാസ്ത്രീകൾക്കെതിരായ കേസ് റദ്ദാക്കുന്നതിൽ ഹൈക്കോടതിയെ സമീപിക്കാനുള്ള നീക്കത്തിലാണ് കത്തോലിക്ക സഭ. ഇന്നും വിഷയം പാർലമെന്റിൽ പ്രതിപക്ഷ പാർട്ടികൾ ഉന്നയിക്കും.

ജ്യോതി ശർമ്മ അടക്കമുള്ളവർക്കെതിരെ ഓർച്ച പൊലീസ് സ്റ്റേഷനിൽ നൽകിയ പരാതി ദുർഗ് പൊലീസ് സ്റ്റേഷനിലേക്ക് കൈമാറും എന്നാണ് സൂചന. നേരത്തെ നാരായൺപൂർ പൊലീസ് കേസെടുക്കാൻ വിസമ്മതിച്ചിരുന്നു. അതേസമയം കന്യാസ്ത്രീകൾക്കെതിരായ കേസ് റദ്ദാക്കുന്നതിൽ ഹൈക്കോടതിയെ സമീപിക്കുവാനാണ് കത്തോലിക്ക സഭയുടെ തീരുമാനം.

നിര്‍ണായക വെളിപ്പെടുത്തലുമായി സംഭവത്തിൽ പെൺകുട്ടികളില്‍ ഒരാള്‍ രംഗത്തെത്തി. പൊലീസ് ബലമായി കന്യാസ്ത്രീകൾക്കെതിരെ മൊഴി ഒപ്പിട്ട് വാങ്ങിയെന്ന് കന്യാസ്ത്രീകൾക്ക് ഒപ്പമുണ്ടായിരുന്ന പെൺകുട്ടി കമലേശ്വരി വെളിപ്പെടുത്തി. ആഗ്രയിലേക്ക് ആരുടേയും നിര്‍ബന്ധപ്രകാരമല്ല പോകാനിറങ്ങിയതെന്നും പെൺകുട്ടി പറഞ്ഞു. താനും സുഹൃത്തുക്കളും ആത്മഹത്യയുടെ വക്കിലാണെന്നും പെൺകുട്ടി കൂട്ടിച്ചേര്‍ത്തു.

Related Posts