നായർ സർവീസ് സൊസൈറ്റിയുടെ ആചാര്യൻ മന്നത്ത് പത്മനാഭൻ്റെ 149-ാമത് ജയന്തി ആഘോഷങ്ങൾ ഇന്ന് പെരുന്നയിലെ എൻ.എസ്.എസ് ആസ്ഥാനത്ത് നടക്കും. ആഘോഷങ്ങളുടെ ഭാഗമായുള്ള മന്നം ജയന്തി സമ്മേളനം രാവിലെ 11 മണിക്ക് ദേശീയ ന്യൂനപക്ഷ കമ്മീഷൻ മുൻ അംഗം ഡോ. സിറിയക് തോമസ് ഉദ്ഘാടനം ചെയ്യും. മന്നം ജയന്തിയോടനുബന്ധിച്ച് ചങ്ങനാശ്ശേരിയിലും പരിസര പ്രദേശങ്ങളിലും വിപുലമായ സുരക്ഷാ ക്രമീകരണങ്ങളാണ് പോലീസ് ഏർപ്പെടുത്തിയിരിക്കുന്നത്.
ചടങ്ങിൽ പ്രശസ്ത ഗാനരചയിതാവ് രാജീവ് ആലുങ്കൽ മന്നം അനുസ്മരണ പ്രഭാഷണം നടത്തും. എൻ.എസ്.എസ് പ്രസിഡണ്ട് ഡോ. എം. ശശികുമാർ സമ്മേളനത്തിന് അധ്യക്ഷത വഹിക്കും. സമുദായാചാര്യന്‍ പ്രണാമമർപ്പിക്കാൻ സംസ്ഥാനത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്നായി ആയിരക്കണക്കിന് ആളുകൾ ഇന്ന് പെരുന്നയിലെ മന്നം നഗറിലെത്തും.
ജയന്തി ആഘോഷങ്ങളുടെ മുന്നോടിയായി വ്യാഴാഴ്ച പെരുന്നയിൽ അഖില കേരള നായർ പ്രതിനിധി സമ്മേളനം നടന്നിരുന്നു. ശബരിമല വിഷയത്തിലെ എൻ.എസ്.എസ് നിലപാടുകൾ ഉൾപ്പെടെയുള്ള സുപ്രധാന വിഷയങ്ങളിൽ ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ സമ്മേളനത്തിൽ വിശദീകരണം നൽകി.