കേന്ദ്രസർക്കാർ കർണാടകയുടെ പുരോഗതിക്ക് തടസ്സം സൃഷ്ടിക്കുകയാണെന്ന് ഗ്രാമവികസന മന്ത്രി പ്രിയങ്ക് ഖാർഗെ. കേന്ദ്രം വാഗ്ദാനം ചെയ്ത ഫണ്ട് വിഹിതം ലഭിക്കാത്തത് സംസ്ഥാനത്തെ നിരവധി വികസന പദ്ധതികൾക്ക് തിരിച്ചടിയായെന്ന് അദ്ദേഹം പറഞ്ഞു. കഴിഞ്ഞ വർഷം സംസ്ഥാനം 2,500 കോടി രൂപ പ്രതീക്ഷിച്ചിരുന്നെങ്കിലും ലഭിച്ചത് 517 കോടി രൂപ മാത്രമാണെന്ന് വാർത്താസമ്മേളനത്തിൽ പ്രിയങ്ക് ഖാർഗെ പറഞ്ഞു. കർണാടകയെ ബാധിക്കുന്ന വിഷയങ്ങളിൽ മൗനം പാലിച്ചതിന് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമനെയും കർണാടക എം.പിമാരെയും മന്ത്രി വിമർശിച്ചു.
ജനങ്ങൾ ബുദ്ധിമുട്ടുന്നില്ലെന്ന് ഉറപ്പാക്കാൻ സംസ്ഥാന സർക്കാർ ഇടപെട്ട് ബാക്കി തുക നൽകേണ്ടിവന്നു. എന്നാൽ, ഈ വർഷം കേന്ദ്രം വീണ്ടും തങ്ങളുടെ വിഹിതം നിഷേധിച്ചു. ജെ.ജെ.എം പദ്ധതിക്കെതിരെ കർണാടകക്ക് ഏകദേശം 13,000 കോടി രൂപ വിട്ടുകൊടുക്കേണ്ടി വന്നു. എന്നിട്ടും, കർണാടകക്ക് കുടിശ്ശികയില്ലെന്ന് പ്രധാനമന്ത്രി പാർലമെൻ്റിൽ അവകാശപ്പെട്ടുവെന്നും അദ്ദേഹം കുട്ടിച്ചേർത്തു. 15-ാം ധനകാര്യ കമീഷൻ ശിപാർശ ചെയ്ത ഫണ്ട് അനുവദിക്കുന്നതിൽ കേന്ദ്രം പരാജയപ്പെട്ടു. ബിദാർ, കൽബുറഗി ജില്ലകളിലെ കുടിവെള്ള പദ്ധതികൾക്കായി അനുവദിച്ച 6,000 കോടി രൂപയുടെ ഫണ്ടും സംസ്ഥാനത്തെ ദേശീയപാത പദ്ധതികൾക്ക് ആവശ്യമായ ഫണ്ടും പോലും തടഞ്ഞുവച്ചിരിക്കുകയാണെന്ന് പ്രിയങ്ക് ഖാർഗെ ആരോപിച്ചു.