ലൈംഗികപീഡന പരാതിയിൽ സംവിധായകൻ രഞ്ജിത്ത് റിമാൻഡിലായ സംഭവത്തിൽ പ്രതികരിച്ച് ഡബ്ല്യുസിസി (വുമൺ ഇൻ സിനിമാ കളക്‌ടീവ്). സിനിമാ മേഖലയിലെ സാഹചര്യങ്ങളൊന്നും മാറിയിട്ടില്ല എന്നതിന്‍റെ വേദനിപ്പിക്കുന്ന തിരിച്ചറിവാണ് ഈ പരാതിയെന്നാണ് ഡബ്ല്യുസിസിയുടെ ഫേസ്‌ബുക്ക് പേജിൽ പങ്കുവച്ചിരിക്കുന്ന കുറിപ്പിലുള്ളത്.
ഈ കുറ്റവാളികളുടെ ധൈര്യത്തിന്‍റെ ഉറവിടം എവിടെ നിന്നാവും എന്നും സംഘടന ചോദ്യമുയർത്തി. ഇന്റേണൽ കമ്മിറ്റി ഓരോ സിനിമാ സെറ്റിലും വേണമെന്ന ഉത്തരവ് ഡബ്ല്യുസിസി ഹൈക്കോടതിയിൽ നിന്ന് നേടിയെടുത്തതാണ്. എന്നാൽ, ഇതിന്‍റെ പ്രവർത്തനങ്ങളൊന്നും കൃത്യമായി നടക്കുന്നില്ല. യുവനടിയെ സിനിമാസെറ്റിൽ വച്ച് രഞ്ജിത്ത് ആക്രമിക്കാൻ ശ്രമിച്ചത് അവർ അറിഞ്ഞിട്ടില്ലെന്നാണ് പറയുന്നത്.
ശക്തരുടെ കയ്യിലുള്ള മറ്റൊരു ഉപകരണമായി ഇന്‍റെണൽ കമ്മിറ്റി മാറുന്ന കാഴ്‌ചയാണ് ഈ സംഭവത്തിലൂടെ കാണുന്നത്. പീഡനവും അനീതിയും തടഞ്ഞില്ലെങ്കിൽ ശക്തരായവർ നിയമത്തിനും മുകളിലാണെന്ന് ഇനിയും നമുക്ക് വിശ്വസിക്കേണ്ടിവരും. ഈ സാഹചര്യത്തിൽ നേരിട്ട് പൊലീസിനെ സമീപിച്ച നടിയുടെ ധൈര്യത്തിന് സലാം’ എന്നും പോസ്റ്റിൽ പറയുന്നു.