തിരുവനന്തപുരത്തെ പിഎംജിയിലെ ടിവിഎസ് സ്‌കൂട്ടര്‍ ഷോറൂമില്‍ വൻ തീപ്പിടിത്തം. ഇന്ന് പുലര്‍ച്ചെ 4 മണിയോടെയാണ് തീപ്പിടിത്തമുണ്ടായത്. കെട്ടിടത്തിന്‍റെ മുകളിലത്തെ നിലയുടെ പിന്‍ഭാഗത്ത് നിന്ന് വലിയ പൊട്ടിത്തെറി ഉണ്ടാകുകയും പിന്നാലെ തീ പടരുകയുമായിരുന്നുവെന്നാണ് സുരക്ഷാ ജീവനക്കാര്‍ പറഞ്ഞത്. തീ നിയന്ത്രണ വിധേയമായിട്ടുണ്ട്.

ഷോറൂമിന്‍റെ പല ഭാഗങ്ങളും പൂർണമായും കത്തിയ നിലയിലാണ്. തീ നിയന്ത്രണ വിധേയമാക്കിയത് ഫയർഫോഴ്സ് യൂണിറ്റുകളെത്തിയാണ്. സർവീസിനായി എത്തിച്ച വാഹനങ്ങളും വിൽപ്പനയ്ക്കുള്ള വാഹനങ്ങളും സ്പെയർപാർട്സും അടക്കമുള്ളവ സൂക്ഷിച്ചിട്ടുള്ള സ്ഥലത്താണ് തീ പടർന്നത്. ഷോറൂമിന്‍റെ മുകളിലത്തെ നിലയിലുണ്ടായിരുന്ന വാഹനങ്ങളെല്ലാം കത്തിനശിച്ചു.

സ്ഥലത്തെത്തിയ ഫയർഫോഴ്സ് യൂണിറ്റ് താഴത്തെ നിലയിലുണ്ടായിരുന്ന അമ്പതോളം വാഹനങ്ങൾ തൊട്ടടുത്ത പള്ളിയുടെ സ്ഥലത്തേക്ക് മാറ്റി.ഫയർഫോഴ്‌സ് ഉദ്യോഗസ്ഥർ ഷോറൂമിന്‍റെ ചില്ല് തകർത്താണ് അകത്ത് കയറിയത്. ഷോറൂമിന്‍റെ മേൽക്കൂര പൂർണമായും കത്തിനശിച്ചു. ഷോറൂമിൻ്റെ മുകൾനിലയിൽ ഇന്ധനം സൂക്ഷിച്ചിരുന്നതാണ് പൊട്ടിത്തെറിയുണ്ടാകാൻ കാരണമെന്ന് ഫയർഫോഴ്‌സ് ഉദ്യോഗസ്ഥൻ മാദ്ധ്യമങ്ങളോട് പറഞ്ഞു.

Related Posts