ദിവസവും ആയിരക്കണക്കിന് ഭക്തർ എത്തുന്ന തിരുവനന്തപുരം പത്മനാഭസ്വാമി ക്ഷേത്രത്തിൽ ഇന്നുമുതൽ ദർശനത്തിന് നിയന്ത്രണം. ഇന്നുമുതൽ (ജൂലൈ 10) പതിനാറാം തീയതി ബുധനാഴ്ചവരെയാണ് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്. ക്ഷേത്രത്തിൽ ആന കളഭാഭിഷേകം നടക്കുന്നതിനാലാണ് ഈ ദിവസങ്ങളിൽ നിയന്ത്രണം ഏർപ്പെടുത്തിയതെന്ന് ക്ഷേത്രഭാരവാഹികൾ അറിയിച്ചു.
ഇന്ന് മുതൽ പതിനാറാം തീയതി വരെയുള്ള ദിവസങ്ങളിൽ രാവിലെ 8.30 മുതൽ 10 മണിവരെ ദർശനം ഉണ്ടായിരിക്കില്ല. മറ്റ് ദർശന സമയങ്ങളിൽ മാറ്റങ്ങൾ ഉണ്ടാകില്ല. ഈ ദിവസങ്ങളിൽ രാവിലെ 3.30 മുതൽ 4.45 വരെയും 6.30 മുതൽ 7 വരെയും 10 മണി മുതൽ 12 വരെയും വൈകിട്ട് 4.30 മുതൽ 6.15 വരെയും 6.45 മുതൽ 7.20 വരെയുമാണ് ദർശന സമയം.
ഇന്ന് മുതൽ ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിൽ പതിനാറാം തീയതി വരെ ക്ഷേത്ര തന്ത്രിയുടെ മുഖ്യകാർമ്മികത്വത്തിൽ ആനി കളഭാഭിഷേകം നടക്കുന്നതാണെന്ന് വാർത്താക്കുറിപ്പിലൂടെ ക്ഷേത്രഭാരവാഹികൾ അറിയിച്ചു.16 ന് രാത്രി 8 മണിക്ക് കർക്കിടക ശ്രീബലിയും കാണിക്കയും ഉണ്ടായിരിക്കും.
കളഭാഭിഷേകം നടക്കുന്ന ദിവസങ്ങളിൽ രാവിലെ 8.30 മുതൽ 10 മണിവരെയുള്ള പതിവ് ദർശനം ഉണ്ടായിരിക്കില്ല. എന്നാൽ മറ്റ് ദർശന സമയങ്ങളിൽ മാറ്റം ഉണ്ടായിരിക്കില്ലെന്ന് അധികൃതർ അറിയിച്ചു.