തിപ്പസാന്ദ്ര ഫ്രണ്ട്സ് അസോസിയേഷൻ്റെ നേതൃത്വത്തിൽ സമൂഹത്തിന് ‘നാമെല്ലാം ഒന്നാണ്’ എന്ന സന്ദേശം പകരുന്നതിനു വേണ്ടി, ആർ വി പിള്ള മഹാത്മാഗാന്ധിയുടെ ഫോട്ടോ കയ്യിലെന്തിക്കൊണ്ട് ഹോളിക്രോസ് സ്കൂളിലെ വിദ്യാർഥികളും അധ്യാപകരും ചേർന്ന് മാനവമൈത്രി റാലി സംഘടിപ്പിച്ചു. സ്വാതന്ത്ര്യദിന ആഘോഷത്തിൻ്റെ ഭാഗമായിട്ടാണ് റാലി സംഘടിപ്പിച്ചത്. അസോസിയേഷൻ ഓഫീസ് അങ്കണത്തിൽ, പ്രസിഡണ്ട് മോഹൻദാസ് ദേശീയ പതാക ഉയർത്തി. ദേശീയ ഗാനാലാപനവും നടന്നു.
ഉച്ചയ്ക്കുശേഷം ഇന്ദിരാനഗർ ഇ സി എ ഹാളിൽ ആരംഭിച്ച ആഘോഷ പരിപാടിയിൽ കർണാടക ഗവൺമെന്റിൻ്റെ കീഴിലുള്ള കന്നഡ ഡെവലപ്മെൻറ് അതോറിറ്റിയുടെ സെക്രട്ടറി ഡോ.സന്തോഷ് ഹനാഗിൽ ഭദ്രദീപം തെളിയിച്ചു കൊണ്ട് പരിപാടി ഉദ്ഘാടനം ചെയ്തു. നാനാത്വത്തിൽ ഏകത്വമുള്ള ഇന്ത്യയിൽ ആർക്കുവേണമെങ്കിലും ജീവിക്കാനുള്ള അവകാശം ഉണ്ടെന്നും കർണാടകയിൽ നിരവധി അന്യസംസ്ഥാനക്കാർ സന്തോഷത്തോടെ ഒരുമിച്ച് ജീവിക്കുന്നുണ്ടെന്നും അദ്ദേഹം ഉദാഹരിച്ചു പറഞ്ഞു. സ്വന്തം വീടുകളിൽ അവരവരുടെ മാതൃഭാഷ സംസാരിച്ചാലും പൊതുസമൂഹത്തിൽ കന്നഡ സംസാരിച്ചാൽ ഉത്തമമായിരിക്കും എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. കന്നഡ ക്ലാസ് നടത്തുന്ന തിപ്പസന്ദ്ര ഫ്രണ്ട്സ് അസോസിയേഷൻ്റെ പ്രവർത്തനത്തെ അദ്ദേഹം പ്രശംസിച്ചു.
കന്നട പഠന ക്ലാസിലെ രണ്ടാം ബാച്ച് പരീക്ഷ പാസായ എല്ലാ വിദ്യാർത്ഥികൾക്കും അദ്ദേഹം സർട്ടിഫിക്കറ്റ് വിതരണം ചെയ്തു. കന്നട ടീച്ചർമാരായ ത്രിവേണി ശ്രീനിവാസ്, കല്പന പ്രദീപ് എന്നിവരെ അദ്ദേഹം അഭിനന്ദിച്ചു, പ്രസിഡണ്ട് പി.മോഹൻദാസ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി. കെ.ശ്രീകണ്ഠൻ നായർ സ്വാഗതം പറഞ്ഞു. ട്രഷറർ. എ കെ രാജൻ നന്ദി പറഞ്ഞു. ആർ.വി.പിള്ള, വൈസ് പ്രസിഡണ്ട് പ്രദീപ് പി പി, ജോയിൻ്റ് സെക്രട്ടറി കെ വി. രാധാകൃഷ്ണൻ എന്നിവർ മുഖ്യാതിഥിക്ക് ഉപകാരം നൽകി.
അസോസിയേഷൻ മെമ്പർമാർ നടത്തിയ കലാപരിപാടികൾ അരങ്ങേറി തിരുവാതിരക്കളി, കുച്ചിപ്പുടി, നൃത്തനൃത്യങ്ങൾ, ഗാനങ്ങൾ അതിനുശേഷം സ്വാതന്ത്ര്യദിനാഘോഷത്തിൻ്റെ മുന്നോടിയായി നടത്തിയ കലാകായിക മത്സരങ്ങളിൽ വിജയികൾക്കും കലാപരിപാടികൾ അവതരിപ്പിച്ചവർക്കും കമ്മറ്റി അംഗങ്ങളും, ഐശ്വര്യ രാജൻ, സൗന്ദര്യ രാജൻ, കവിത കൃഷ്ണമൂർത്തി എന്നിവരുടെ നേതൃത്വത്തിൽ ഉപഹാരങ്ങൾ നൽകി.