ഗാന്ധിജി ഇന്ത്യൻ ചരിത്രത്താളുകളിൽ നിന്ന് തുടച്ചുനീക്കപ്പെടുകയോ അപനിർമ്മിക്കപ്പെടുകയോ ചെയ്യുന്ന കാലിക പ്രതിസന്ധിയിൽ യഥാർത്ഥ ഗാന്ധിയെ വീണ്ടെടുത്ത് ഭാവി തലമുറയ്ക്ക് കൈമാറുക എന്നത് പൗരധർമ്മമാണെന്നും,
മതത്തിൻ്റെ പേരിലുള്ള വേർതിരിവുകളും സാമ്പത്തിക ഉച്ചനീചത്വങ്ങളും കൊണ്ട് ഗാന്ധിജിയുടെ സ്വന്തം നാടായ ഗുജറാത്തിൻ്റെ സ്ഥിതി വളരെ ദയനീയമാണെന്നും ഗാന്ധിജിയുടെ നാട്ടിലൂടെ എന്ന പ്രഭാഷണ വേളയിൽ ശ്രീ RV ആചാരി പറഞ്ഞു. ജിഡിപി ഊതി വീർപ്പിച്ച് ലോകരാജ്യങ്ങളുടെ മുന്നിൽ നാലാം സ്ഥാനത്ത് എത്തിക്കാനുള്ള തത്രപ്പാടിൽ ഇന്ത്യയിലെ ബഹുഭൂരിഭാഗം പാവപ്പെട്ട ജനങ്ങളെയും കാണാതെ പോകുന്ന പുതിയ ഇന്ത്യയാണ് ഇന്നു നമ്മുടെ ഇന്ത്യ. പാവങ്ങളായി ജനിച്ചു പാവങ്ങളായി തന്നെ ജീവിച്ചു മരിക്കാൻ വിധിക്കപ്പെട്ട തെരുവു മനുഷ്യരുടെ നാടാണ് ഗുജറാത്തെന്നും. അവിടത്തെ ഗാന്ധി സ്മാരകങ്ങളിലൂടെ നടത്തിയ യാത്രയിൽ കണ്ടതെല്ലാം ഗാന്ധിജി കണ്ട ഗ്രാമസ്വരാജ് സ്വപ്നങ്ങൾക്കു വിരുദ്ധമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഗാന്ധിജിയുടെ ഓർമ്മകൾ പോലും വിസ്മൃതിയിലേക്ക് നയിക്കപ്പെടുന്ന സത്യാനന്തര കാലത്തിലൂടെയാണ് നാം കടന്നുപോകുന്നതെന്ന് ഉദ്ഘാടനം ചെയ്തു കൊണ്ട് കൃഷ്ണമ്മ ടീച്ചർ അഭിപ്രായപ്പെട്ടു. ചരിത്രം വളച്ചൊടിക്കപ്പെടുന്നു. നവോത്ഥാന മൂല്യങ്ങൾ അറിയാതെ വളരുന്ന തലമുറ ഭാവിയിൽ എന്താകുമെന്ന് ആകുലപ്പെടേണ്ടി വരുന്നു. ഭരണഘടനാ മൂല്യങ്ങളെ വെല്ലുവിളിക്കുന്ന ഇന്നത്തെ ജനാധിപത്യ രീതിയെയും അവർ വിമർശിച്ചു. തുടർന്ന് വി. മധുസൂദനൻ നായരുടെ “ഗാന്ധി ” എന്ന കവിതയും ആലപിച്ചു
പി മോഹൻ ദാസ് അധ്യക്ഷത വഹിച്ചു. തുടർന്നുള്ള ചർച്ചയിൽ ടി. എം. ശ്രീധരൻ, ബി. എസ്. ഉണ്ണികൃഷ്ണൻ, ആർ.വി. പിള്ള, പ്രഭാകരൻ പിള്ള, എം.ബി. മോഹൻദാസ്, കല്പന പ്രദീപ് എന്നിവർ സംസാരിച്ചു പ്രദീപ് പി പി നന്ദി പറഞ്ഞു.