ഇന്ത്യ-ദക്ഷിണാഫ്രിക്ക ട്വൻ്റി 20 പരമ്പരയിലെ മൂന്നാം മത്സരം ഇന്ന് നടക്കും. ഇരു ടീമുകളും ഓരോ കളികൾ ജയിച്ച് പരമ്പരയിൽ ഒപ്പത്തിനൊപ്പം നിൽക്കുകയാണ്. അഞ്ച് മത്സര പരമ്പരയിൽ മുന്നിലെത്താനുള്ള അവസരം കൂടിയാണ് ഇന്നത്തെ മത്സരം. മുൻനിര ബാറ്റർമാരുടെ പരാജയമാണ് കഴിഞ്ഞ കളിയിലെ തോൽവിക്ക് കാരണം. ഓപണറായി സ്ഥാനക്കയറ്റം ലഭിച്ച് തിളങ്ങിയ സഞ്ജു സാംസണിനെ പ്ലേയിങ് ഇലവനിൽനിന്ന് തന്നെ മാറ്റിയാണ് ഗില്ലിനെ നിലനിർത്തിക്കൊണ്ടിരിക്കുന്നത്.
ഏകദിനത്തിലും ടെസ്റ്റിലും നായകനായ ഗില്ലിനെ ട്വന്റി 20യിലും ക്യാപ്റ്റൻ സ്ഥാനത്ത് പ്രതിഷ്ഠിക്കാനുള്ള ശ്രമം നടക്കവെ ബാറ്റിങ്ങിൽ നിരന്തരം പരാജയപ്പെടുകയാണ് ഗിൽ. ആദ്യ കളിയിൽ നാല് റൺസിൽ വീണ താരം രണ്ടാം മത്സരത്തിൽ ഗോൾഡൻ ഡക്കായി. ഓപ്പണർ ക്വിൻ്റൺ ഡി കോക്ക് ഫോമിൽ തിരിച്ചെത്തിയ ആശ്വാസത്തിലാണ് സൗത്ത് ആഫ്രിക്ക. അവരുടെ ബൗളർമാരും മികച്ച പ്രകടനമാണ് നടത്തുന്നത്. ധർമ്മശാലയിലാണ് ഇന്നത്തെ മത്സരം.