മുത്തങ്ങ ചിറമൂല മേഖലയിൽ കഴിഞ്ഞ രണ്ട് മാസമായി നാട്ടുകാരെ ഭീതിയിലാഴ്ത്തിയിരുന്ന പെൺകടുവയെ വനംവകുപ്പ് പിടികൂടി. ഉന്നതിക്ക് സമീപമുള്ള മാങ്ങാമൂല വയലിൽ സ്ഥാപിച്ച കൂടിലാണ് 12 വയസുള്ള കടുവ കുടുങ്ങിയത്.

രാവിലെ 11.45ഓടെയാണ് കടുവ കൂട്ടിലായത്. പരിശോധനയിൽ കടുവയുടെ പിൻകാലിന് പരിക്കുള്ളതും മൂന്ന് പല്ലുകൾ നഷ്ടപ്പെട്ടതുമാണെന്ന് കണ്ടെത്തി. വിദഗ്ധ ചികിത്സയ്ക്കും ആരോഗ്യ പരിശോധനയ്ക്കുമായി കടുവയെ കുപ്പാടിയിലെ അനിമൽ ഹോസ്പീസ് സെന്ററിലേക്ക് മാറ്റി.

കഴിഞ്ഞ രണ്ട് മാസത്തിനിടെ ചിറമൂല, കോളൂർ, ഉന്നതി മേഖലകളിലായി ഒൻപത് വളർത്തുമൃഗങ്ങളെയാണ് കടുവ ആക്രമിച്ച് കൊന്നത്. നിരവധി ആടുകളെ പിടികൂടിയതോടെ പ്രദേശവാസികളുടെ ആശങ്ക വർധിച്ചിരുന്നു. ഇതിനെ തുടർന്ന് വനംവകുപ്പ് ക്യാമറകൾ സ്ഥാപിച്ച് നിരീക്ഷണം ശക്തമാക്കിയിരുന്നു.

പകൽസമയങ്ങളിലും കടുവയെ കണ്ടതായി റിപ്പോർട്ടുകൾ വന്നതോടെ നാട്ടുകാർ വീടുകൾക്ക് പുറത്തേക്കിറങ്ങാൻ പോലും ഭയപ്പെട്ടിരുന്നു. സമീപത്ത് മുത്തങ്ങ ഗവ. എൽ.പി സ്കൂൾ പ്രവർത്തിക്കുന്നതിനാൽ രക്ഷിതാക്കളും കടുത്ത ആശങ്കയിലായിരുന്നു.

ജനപ്രതിനിധികളും വിവിധ രാഷ്ട്രീയ പാർട്ടി നേതാക്കളും ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തിയതിനെ തുടർന്ന് വനംവകുപ്പ് പ്രത്യേക ദൗത്യം ആരംഭിക്കുകയും കഴിഞ്ഞ ദിവസം കൂട് സ്ഥാപിക്കുകയും ചെയ്തു. ഒടുവിൽ കടുവ കുടുങ്ങിയതോടെ പ്രദേശവാസികൾക്ക് ആശ്വാസമായി.

Related Posts