ശ്രീ ശബരി സ്കൂളിൻ്റെ ആഭിമുഖ്യത്തിൽ ജാലഹള്ളി ശ്രീ ശബരി കലാമന്ദിരത്തിൽ നവരാത്രി മഹോത്സവത്തോടനുബന്ധിച്ച് അഷ്ടമി, നവമി, വിജയദശമി ദിവസങ്ങളിൽ വിവിധ പൂജകളും കലാപരിപാടികളും ഭക്തിനിർഭരമായി സംഘടിപ്പിച്ചു.
മഹോത്സവത്തിൻ്റെ ഭാഗമായി വിജയകുമാറിൻ്റെയും സംഘത്തിൻ്റെയും നേതൃത്വത്തിൽ സംഗീതാർച്ചന നടന്നു. സംഗീതത്തിലൂടെ ദേവിക്ക് സമർപ്പണം അർപ്പിച്ച പരിപാടി ഭക്തിനിർഭരമായ അന്തരീക്ഷം സൃഷ്ടിച്ചു. വിദ്യാർത്ഥികളും സംഗീതപ്രേമികളും പരിപാടിയിൽ പങ്കുചേർന്നു.
ദുർഗാഷ്ടമി, മഹാനവമി ദിവസങ്ങളിൽ ദേവീപൂജ, പുസ്തകപൂജ, ആയുധപൂജ, സംഗീതോപകരണങ്ങളുടെയും വിവിധ കലോപകരണങ്ങളുടെയും പൂജ എന്നിവ നടത്തി. വിജയദശമി ദിനത്തിൽ വിദ്യാരംഭ ചടങ്ങുകൾക്കും പ്രാധാന്യം നൽകി. അറിവിൻ്റെയും കലയുടെയും പുതിയ തുടക്കത്തെ അടയാളപ്പെടുത്തുന്ന വിദ്യാരംഭ ചടങ്ങുകൾ മഹോത്സവത്തിന് പ്രത്യേക മികവേകി. വിദ്യാഭ്യാസത്തിനും കലകൾക്കും ഭാരതീയ സാംസ്കാരിക പൈതൃകത്തിനും പ്രാധാന്യം നൽകിക്കൊണ്ട് സംഘടിപ്പിച്ച നവരാത്രി മഹോത്സവം ഭക്തിയുടെയും ഐക്യത്തിൻ്റെയും ആഘോഷമായി മാറി.