അമേരിക്കയിലെ ജോർജിയയിൽ നടന്ന ഹെലികോപ്റ്റർ അപകടത്തിൽ മലയാളിയായ നവവരന് ദാരുണാന്ത്യം. മുവാറ്റുപുഴ കടവാക്കുഴി സ്വദേശി ഡേവ് ഫിജി (26) ആണ് മരിച്ചത്. വിവാഹച്ചടങ്ങിന് ശേഷം വധുവിനൊപ്പം സഞ്ചരിക്കവെയായിരുന്നു അപകടം.

വടക്കൻ ജോർജിയയിൽ നടന്ന വിവാഹച്ചടങ്ങിന് ശേഷം അറ്റ്ലാന്റയിലേക്ക് യാത്ര ചെയ്യുമ്പോഴാണ് നവദമ്പതികൾ സഞ്ചരിച്ച റോബിൻസൺ ആർ66 ഹെലികോപ്റ്റർ തകർന്നു വീണത്. വെള്ളിയാഴ്ച രാത്രി 10.30-ഓടെ ഡോസൺവില്ലിന് സമീപത്തായിരുന്നു സംഭവം. ഹെലികോപ്റ്റർ തകർന്നതിനെത്തുടർന്ന് ഡേവ് ഫിജിയും പൈലറ്റും സംഭവസ്ഥലത്തുവെച്ചുതന്നെ മരണപ്പെട്ടു. പരിക്കേറ്റ വധു ജെസ്നി ആശുപത്രിയിൽ ചികിത്സയിലാണ്.

ദുർഘടമായ പ്രദേശത്ത് ഹെലികോപ്റ്റർ തകർന്നുവീണത് രക്ഷാപ്രവർത്തനത്തെ സാരമായി ബാധിച്ചതായി യുഎസ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. മോശം കാലാവസ്ഥയാണ് അപകടത്തിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം. നാഷണൽ ട്രാൻസ്‌പോർട്ടേഷൻ സേഫ്റ്റി ബോർഡ് (NTSB) സംഭവത്തിൽ വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ഡെൽറ്റ എയർലൈൻസ് പൈലറ്റായിരുന്നു മരിച്ച ഡേവ് ഫിജി. കടവാക്കുഴിയിൽ ഫിജി ജോർജ് – ഹേബ ഫിജി ദമ്പതികളുടെ മകനാണ്. പരിക്കേറ്റ ജെസ്നി, തലവടി ചുണ്ടുകാട്ടിൽ സാം ഉമ്മൻ – ഷീല സാം ദമ്പതികളുടെ മകളാണ്.

Related Posts