എസ്.എൻ.ഡി.പി യോഗം ബാംഗ്ലൂർ യൂണിയന്റെ നേതൃത്വത്തിൽ തമ്മനഹള്ളി ശ്രീനാരായണ നഗർ ഗുരു മന്ദിരാങ്കണത്തിൽ വെച്ച് പത്താമത് ആറ്റുകാൽ പൊങ്കാല മഹോത്സവം അതിവിപുലമായി ആഘോഷിച്ചു. ബാംഗ്ലൂരിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്നായി എത്തിയ നൂറുകണക്കിന് ഭക്തജനങ്ങൾ ഭക്തിപൂർവ്വം ദേവിക്ക് പൊങ്കാല അർപ്പിച്ചു.
യൂണിയൻ പ്രസിഡണ്ട് എൻ.ആനന്ദൻ, യൂണിയൻ സെക്രട്ടറി അഡ്വ.സത്യൻ പുത്തൂർ, വൈസ് പ്രസിഡണ്ടും പൊങ്കാല കമ്മിറ്റി ചെയർമാനുമായ എൻ.വത്സൻ, യൂണിയൻ ബോർഡ് മെമ്പർ എ.ആർ.രാജേന്ദ്രൻ, പൊങ്കാല കമ്മിറ്റി കൺവീനർ സനിൽ കുമാർ, ട്രഷറർ സുനിൽ കുമാർ എന്നിവർ ചടങ്ങുകൾക്ക് മേൽനോട്ടം വഹിച്ചു.
പൊങ്കാല അർപ്പിക്കുന്ന ഭക്തർക്കായി കമ്മിറ്റിയുടെ നേതൃത്വത്തിൽ വിപുലമായ സൗകര്യങ്ങളാണ് ഒരുക്കിയിരുന്നത്. രാവിലെ 9.30-ഓടെ ഭണ്ടാര അടുപ്പിൽ തീ തെളിച്ചതോടെ ചടങ്ങുകൾക്ക് തുടക്കമായി. ചടങ്ങുകൾക്കിടെ ആകാശത്ത് ശ്രീകൃഷ്ണപ്പരുന്ത് വട്ടമിട്ടു പറന്നു ദർശനം നൽകിയത് ഭക്തർക്ക് ആവേശം പകരുകയും അന്തരീക്ഷം കൂടുതൽ ഭക്തിസാന്ദ്രമാക്കുകയും ചെയ്തു. ഉച്ചയോടെ പൂജാരി ഭക്തർ തയ്യാറാക്കിയ പൊങ്കാലയിൽ തീർത്ഥം തളിച്ചതോടെ ചടങ്ങുകൾ പൂർത്തിയായി. പ്രത്യേകം സജ്ജീകരിച്ച ദേവീ സന്നിധിക്ക് മുന്നിൽ ഭക്തർ ‘പറ’ സമർപ്പിച്ചും അനുഗ്രഹം തേടി. തുടർന്ന് വിപുലമായ മഹാഅന്നദാനവും നടന്നു.
ആഘോഷങ്ങളുടെ ഭാഗമായി തമ്മനഹള്ളി ശാഖയുടെ നേതൃത്വത്തിൽ ഭക്തർക്കായി ഫ്രൂട്ട് സലാഡും, പീനിയ ശാഖയുടെ നേതൃത്വത്തിൽ സംഭാരവും നാരങ്ങാവെള്ളവും വിതരണം ചെയ്തു. യൂണിയൻ കൗൺസിലർമാർ, യൂണിയൻ വനിതാ സംഘം-യൂത്ത് വിംഗ് ഭാരവാഹികൾ, വിവിധ ശാഖാ ഭാരവാഹികൾ എന്നിവർ പരിപാടികൾക്ക് സജീവമായി നേതൃത്വം നൽകി.
ഉച്ചയ്ക്ക് ഒരു മണിയോടെ ചടങ്ങുകൾ സമാപിച്ചു. ഭക്തിനിർഭരമായ ഈ പൊങ്കാല മഹോത്സവത്തിൽ പങ്കെടുത്തതിൻ്റെ ചാരിതാർത്ഥ്യത്തോടെയും, അടുത്ത വർഷം വീണ്ടും ദേവിയുടെ അനുഗ്രഹം തേടി തിരിച്ചെത്താമെന്ന പ്രാർത്ഥനയോടെയുമാണ് ഭക്തർ മടങ്ങിയത്. ചടങ്ങിൻ്റെ വിജയത്തിനായി സഹകരിച്ച എല്ലാ ഭക്തജനങ്ങൾക്കും യൂണിയൻ പ്രസിഡണ്ടും സെക്രട്ടറിയും പൊങ്കാല കമ്മിറ്റിയും നന്ദി രേഖപ്പെടുത്തി.