കലയുടെയും സംഗീതത്തിൻ്റെയും ദശാബ്ദ നിറവിൽ ചിലങ്ക സ്‌കൂൾ ഓഫ് ഡാൻസ് & മ്യൂസിക്കിൻ്റെ പത്താം വാർഷികാഘോഷം വമ്പിച്ച പരിപാടികളോടെ ആഘോഷിച്ചു. മേദരഹള്ളി ഗംഗാധരയ്യ ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന പരിപാടി ഒട്ടനവധി കലാപ്രേമികളുടെ സാന്നിധ്യംകൊണ്ട് ശ്രദ്ധേയമായി.
പ്രശസ്ത നർത്തകൻ ഡോ. ആർ.എൽ.വി. രാമകൃഷ്ണൻ മുഖ്യാതിഥിയായി പങ്കെടുത്ത ചടങ്ങിൽ അദ്ദേഹത്തിൻ്റെ പ്രത്യേക നൃത്തപ്രകടനവും അരങ്ങേറി. രാവിലെ 9:30-ന് ഭദ്രദീപം കൊളുത്തി പരിപാടികൾക്ക് ഔദ്യോഗിക തുടക്കം കുറിച്ചു. തുടർന്ന് ചിലങ്കയിലെ വിദ്യാർത്ഥികളുടെ ഭരതനാട്യം, കുച്ചിപ്പുഡി, മോഹിനിയാട്ടം തുടങ്ങിയ ശാസ്ത്രീയ നൃത്തം അരങ്ങേറി.
ഉച്ചയ്ക്ക് 2:00 മണിക്ക് രാജ് കുമാറും സംഘവും അവതരിപ്പിച്ച ഗംഭീര ചെണ്ടമേളവും, തുടർന്ന് സിനിമാ ഗാനങ്ങളും വിവിധ സാംസ്കാരിക പരിപാടികളും സദസ്സിനെ ആവേശം കൊള്ളിച്ചു. വൈകുന്നേരം 4:30-ന് അവതരിപ്പിച്ച ‘തലമാരിയമ്മൻ’ ഡാൻസ് ഡ്രാമ ശ്രദ്ധേയമായ അനുഭവമായി മാറി.
സ്ഥാപനത്തിലെ ഗുരുക്കന്മാരായ രവികുമാർ, അഞ്ജലി, മാളവിക, നന്ദന, അഖില, നിത്യ, ഐശ്വര്യ ആർ പിള്ള എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. സംഗീത വിഭാഗത്തിൽ രവികുമാർ (നട്ടുവംഗം), ജയൻ, സ്വാതി കൃഷ്ണ (വോക്കൽ), സുനിൽ എസ് പണിക്കർ, ഷിനോജ് കെ കെ (മൃദംഗം), ബാബുരാജ് (വയലിൻ), വിനോദ് (പുല്ലാങ്കുഴൽ) എന്നിവരുടെ സാന്നിധ്യം പരിപാടിയുടെ മാറ്റ് കൂട്ടി. വിവിധ കലാപരിപാടികളോടെ സമാപിച്ച വാർഷികാഘോഷം ഏവർക്കും ഹൃദ്യമായ ഒരു അനുഭവമായി മാറി.
