വയനാട് താമരശ്ശേരി ചുരം ഉടൻ ഗതാഗത യോഗ്യമാക്കണമെന്ന് പ്രിയങ്ക ഗാന്ധി എം.പി. ചുരത്തിൽ തുടർച്ചയായി ഉണ്ടാകുന്ന മണ്ണിടിച്ചിലുകൾ തടയുന്നതിന് വേണ്ട നടപടികൾ പഠിക്കുന്നതിന് വിദഗ്‌ധസമിതിയെ അടിയന്തരമായി അയക്കണമെന്നും കേന്ദ്ര ഗതാഗത മന്ത്രി നിതിൻ ഗഡ്‌കരിക്ക് അയച്ച കത്തിൽ പ്രിയങ്ക ആവശ്യപ്പെട്ടു.

വയനാട് ജില്ലയിലെ ജനങ്ങൾക്ക് ചുരത്തിൽ ഗതാഗതം തടസ്സപ്പെടുന്നത് വലിയ ബുദ്ധിമുട്ട് ഉണ്ടാക്കുന്നുണ്ട്. പ്രധാനമായും കോഴിക്കോട് ജില്ലയെയാണ് ആരോഗ്യ ആവശ്യങ്ങൾക്ക് ഉൾപ്പെടെ ജനങ്ങൾ ആശ്രയിക്കുന്നത്. കോഴിക്കോട് ജില്ലയെ ബന്ധിപ്പിക്കുന്ന ഏക റോഡ് ആണെന്ന നിലയിൽ ചുരത്തിൽ ഗതാഗതം തടസ്സപ്പെടുന്നതിലൂടെ വയനാട് ജില്ല ഒറ്റപ്പെട്ടുപോകുന്ന സാഹചര്യം ഉണ്ടാകുന്നുവെന്ന് പ്രിയങ്ക കത്തിൽ ചൂണ്ടിക്കാട്ടി.

ഹൈവേയിൽ ആഗസ്റ്റ് 26 ന് ഉണ്ടായ മണ്ണിടിച്ചിലിനെ തുടർന്ന് റോഡിലെ അവശിഷ്ടങ്ങൾ നീക്കം ചെയ്യേണ്ടതിനാൽ താമരശ്ശേരി ചുരത്തിലൂടെയുള്ള ഗതാഗതം പൂർണ്ണമായും തടസ്സപ്പെടുത്തേണ്ടി വന്നിരിന്നു. നിലവിൽ ഗതാഗതം പൂർണമായും തടസ്സപ്പെട്ടിരിക്കുകയാണെന്നും കൂടുതൽ മണ്ണിടിച്ചിൽ ഉണ്ടാകുമെന്ന ആശങ്കയുണ്ടെന്നും കത്തിൽ പറയുന്നു.

Related Posts