പെട്രോളിൽ അനുവദനീയമായ പരിധിയേക്കാൾ കൂടുതൽ എഥനോൾ കലർത്തിയിട്ടുണ്ടോയെന്ന് കണ്ടെത്താൻ കേരളത്തിലും പരിശോധന ശക്തമാക്കി. തിരുവനന്തപുരം, എറണാകുളം, കോഴിക്കോട്, കണ്ണൂർ ജില്ലകളിലെ വിവിധ പെട്രോൾ പമ്പുകളിൽ രാവിലെ മുതൽ പരിശോധന നടത്തി. പൊതുവിതരണ ഉപഭോക്തൃകാര്യ വകുപ്പിൻ്റെ നേതൃത്വത്തിലാണ് നടപടി.

ഓരോ പമ്പിൽനിന്നും ആറു സാമ്പിളുകൾ വീതമാണ് ശേഖരിച്ചത്. എണ്ണക്കമ്പനികളുടെ പ്രതിനിധികളുടെ സാന്നിധ്യത്തിലായിരുന്നു സാമ്പിളുകൾ എടുത്തത്. ഇവ സംസ്ഥാന ഫൊറൻസിക് ലാബിലും ബന്ധപ്പെട്ട എണ്ണക്കമ്പനികളുടെ ലാബുകളിലും പരിശോധിക്കും.

കർണാടകയിൽ പെട്രോളിലെ എഥനോൾ അളവ് അനുവദനീയ പരിധി കടന്നെന്ന ആരോപണത്തെ തുടർന്നാണ് കേരളത്തിലും പരിശോധന ആരംഭിച്ചത്. മന്ത്രി അനൂപ് ജേക്കബ് മുഖ്യമന്ത്രിയുമായി ചർച്ച നടത്തിയ ശേഷമാണ് ഇതുസംബന്ധിച്ച തീരുമാനമെടുത്തത്. പരിശോധനയിൽ ക്രമക്കേട് കണ്ടെത്തിയാൽ കർശന നടപടി സ്വീകരിക്കുമെന്ന് സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്.

അതേസമയം, കർണാടകയിൽ 67 കേന്ദ്രങ്ങളിൽനിന്ന് പെട്രോൾ സാമ്പിളുകൾ ശേഖരിച്ച് പരിശോധന നടത്തിയതായി മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ നേരത്തെ അറിയിച്ചിരുന്നു. എഥനോൾ കലർത്തുന്നതുമായി ബന്ധപ്പെട്ട പരാതികൾക്കൊപ്പം ആയിരക്കണക്കിന് വാഹനങ്ങൾക്ക് എൻജിൻ തകരാറുകളും മൈലേജ് കുറയുന്നതും റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

പെട്രോളിലെ എഥനോൾ മിശ്രണവുമായി ബന്ധപ്പെട്ട വിഷയത്തിൽ കേന്ദ്ര സർക്കാരിന് ഉത്തരവാദിത്വത്തിൽനിന്ന് ഒഴിഞ്ഞുമാറാനാകില്ലെന്നും ശിവകുമാർ അഭിപ്രായപ്പെട്ടു. പെട്രോളിൽ എഥനോൾ കലർത്തുന്നതിൻ്റെ അളവ് 31 ശതമാനം വരെ എത്തിയെന്ന കർണാടക സർക്കാരിൻ്റെ ആരോപണം കേന്ദ്ര സർക്കാരും എണ്ണക്കമ്പനികളും നിഷേധിച്ചിരുന്നു.

Related Posts