മഹാരാഷ്ട്രയിലെ ധാരാശിവ് ജില്ലയിലെ യെദ്ഷിയിൽ ദീപാവലി ആഘോഷത്തിനിടെ ഉണ്ടായ തീപിടിത്തത്തിൽ ഒരു കുടുംബത്തിലെ ആറുപേർ മരിച്ചു. ഉത്തം ത്രിംബക് കരണ്ടെ, ഭാര്യ ചന്ദ്രകല, മകൻ ഗോവിന്ദ്, മരുമകൾ ജ്യോതി, കൊച്ചുമക്കളായ ഗായത്രി, സിദ്ധി എന്നിവരാണ് മരിച്ചത്. ഞായറാഴ്ച പുലർച്ചെ 2.30ഓടെയായിരുന്നു അപകടം.
ദീപാവലി ആഘോഷത്തിനായി തെളിച്ചുവെച്ച നിലവിളക്കിൽ നിന്നോ ചിരാതിൽ നിന്നോ തീ പടർന്നതാകാമെന്നാണ് പൊലീസിൻ്റെ പ്രാഥമിക നിഗമനം. കെട്ടിടത്തിൻ്റെ താഴത്തെ നിലയിൽ പലചരക്ക് കടയും മുകളിലത്തെ നിലയിൽ കുടുംബത്തിൻ്റെ താമസസ്ഥലവുമായിരുന്നു.
കടയിൽ വലിയ അളവിൽ പാചക എണ്ണയും നെയ്യും സൂക്ഷിച്ചിരുന്നതിനാൽ തീ അതിവേഗം മുകളിലത്തെ നിലയിലേക്ക് പടരുകയായിരുന്നു. പുലർച്ചെ ഉറക്കത്തിലായിരുന്ന കുടുംബാംഗങ്ങൾക്ക് രക്ഷപ്പെടാൻ കഴിയാതെ മുകളിലത്തെ നിലയിൽ കുടുങ്ങി. പുക ശ്വസിച്ച് ശ്വാസംമുട്ടിയാണ് ആറുപേരും മരിച്ചതെന്നാണ് റിപ്പോർട്ടുകൾ.
സംഭവത്തിൽ പൊലീസ് കൂടുതൽ അന്വേഷണം നടത്തിവരികയാണ്.