താനൂരിൽ നിന്ന് കാണാതായ പ്ലസ് ടു വിദ്യാർഥികളെ മഹാരാഷ്ട്രയിലെ ലോണാവാല സ്റ്റേഷനിൽ നിന്ന് കണ്ടെത്തി. കോഴിക്കോട് എടവണ്ണ സ്വദേശിയായ യുവാവിൻ്റെ സഹായം നിര്ണായകമായി. കേരള പോലീസും റെയിൽവേ പോലീസും മൊബൈൽ ഫോൺ ലൊക്കേഷൻ പിന്തുടർന്ന് നടത്തിയ അന്വേഷണമാണ് പെൺകുട്ടികളെ വേഗത്തിൽ കണ്ടെത്താൻ സഹായിച്ചത്.
റെയിൽവേ പോലീസിൻ്റെ കസ്റ്റഡയിലുള്ള പെൺകുട്ടികളുടെ അടുത്തേക്ക് താനൂർ പോലീസ് ഇന്ന് തന്നെ എത്തും. നെടുമ്പാശ്ശേരിയിൽ നിന്ന് രാവിലെ മുംബൈയിലേക്ക് വിമാനം കയറിയ താനൂരിൽ നിന്നുള്ള പോലീസ് സംഘം 8 മണിയോടെ മുംബൈയിലെത്തും. തുടർന്ന് പുനെയിലേക്ക് യാത്ര തിരിക്കും. അവിടെ വച്ച് ആർ.പി.എഫ് ഇവരെ പോലീസിന് കൈമാറും. കുട്ടികളുടെ മാനസികാരോഗ്യം പരിഗണിച്ച് അവർക്ക് കൗൺസലിങ് നൽകും.
തിരിച്ചു വന്നാലുള്ള അവസ്ഥ ഓർത്തുള്ള പേടി അവർ പോലീസുമായി പങ്കുവെച്ചിരുന്നു. പെൺകുട്ടികൾ സോഷ്യൽ മീഡിയ വഴി പരിചയപ്പെട്ട എടവണ്ണ സ്വദേശി റഹീം അസ്ലമിൻ്റെ സഹായവും കുട്ടികളെ കണ്ടെത്തുന്നതിൽ നിർണായകമായി. രണ്ടു പേരുടേയും ഫോണിലേക്ക് അവസാനമായി വിളിച്ചത് റഹീമാണ്.
ഇയാളുടെ വീട്ടിലെത്തി പോലീസ് വിവരങ്ങൾ അന്വേഷിച്ചു. ഇരുവരേയും പരിചയപ്പെട്ടത് സോഷ്യൽ മീഡിയ വഴിയാണെന്നും യാത്ര ചെയ്യാൻ താത്പര്യമുണ്ടെന്ന് ഇരുവരും തന്നോട് പറഞ്ഞുവെന്നും റഹീം അറിയിച്ചു. ഇവർക്കൊപ്പം കോഴിക്കോട്ടു നിന്ന് ചേർന്ന റഹീം മുംബൈയിലേക്ക് കൂടെ പോയി. അവിടെനിന്ന് രണ്ടു പേരെയും പൻവേലിൽ മലയാളി യുവതി നടത്തുന്ന ബ്യൂട്ടി പാർലറിൽ എത്തിച്ചുവെന്നും റഹീം പോലീസിനോട് പറഞ്ഞു.
റഹീം അസ്ലം പോലീസിൻ്റെ അന്വേഷണ പരിധിയിൽ തന്നെ ഉണ്ടായത് പെൺകുട്ടികളിലേക്ക് എത്തുന്നത് വേഗത്തിലാക്കി. കേരള പോലീസ് കൈമാറിയ ഫോട്ടോയിൽ നിന്നാണ് ചെന്നൈ-എന്മോർ എക്സ്പ്രസിൽ യാത്ര ചെയ്യുകയായിരുന്ന പെൺകുട്ടികളെ റെയിൽവേ ഉദ്യോഗസ്ഥർ തിരിച്ചറിഞ്ഞത്. വ്യാഴാഴ്ച ഉച്ചയ്ക്ക് 2 മണിയോടെയാണ് പെൺകുട്ടികൾ ബ്യൂട്ടി പാർലറിലെത്തിയത്. മാസ്ക് ധരിച്ചിരുന്നു.
സുഹൃത്തിൻ്റെ വിവാഹത്തിനായാണ് മുംബൈയിൽ എത്തിയതെന്നാണ് പെൺകുട്ടികൾ ബ്യൂട്ടി പാർലർ ഉടമയോട് പറഞ്ഞത്. കൂട്ടാൻ സുഹൃത്ത് വരുമെന്നു പറഞ്ഞെങ്കിലും ഇയാൾ വരുന്നതിനു മുമ്പ് പെൺകുട്ടികൾ പാർലറിൽ നിന്ന് പോകുകയായിരുന്നു. പാർലറിൽ പെൺകുട്ടികൾ എത്തിയ വിവരം മഹാരാഷ്ട്ര പോലീസിനും മലയാളി സമാജത്തിനും കേരള പോലീസ് കൈമാറിയിരുന്നു.
പോലീസും സമാജം പ്രവർത്തകരും എത്തിയപ്പോഴേക്കും പെൺകുട്ടികൾ രക്ഷപ്പെടുകയായിരുന്നു. ചെന്നൈ-എന്തോർ എക്സ്പ്രസിൽ അതിനുശേഷമാണ് കയറിയത്.