മുഖ്യമന്ത്രി സിദ്ധരാമയ്യ പ്രതിനിധാനം ചെയ്യുന്ന വരുണ നിയമസഭാ മണ്ഡലത്തിലെ ബിലഗരേഹുണ്ടി ഗ്രാമത്തിലെ സർക്കാർ ഹയർ പ്രൈമറി സ്കൂളിലെ അധ്യാപകർ വിദ്യാർഥികളെ ശൗചാലയം വൃത്തിയാക്കാൻ നിർബന്ധിച്ചെന്ന പരാതിയിൽ വിദ്യാഭ്യാസവകുപ്പ് അന്വേഷണം ആരംഭിച്ചു. സംഭവത്തിൽ ഉടൻ റിപ്പോർട്ട് സമർപ്പിക്കാൻ ഡിഡിപിഇ എസ്.ടി. ജവരെഗൗഡ, ബിഇയ്ക്ക് നിർദേശം നൽകി. റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിൽ അധ്യാപകർക്കെതിരേ നടപടിയെടുക്കുമെന്നും അറിയിച്ചു.
സിദ്ധരാജു എന്നയാൾ സ്കൂൾ സന്ദർശിച്ചപ്പോഴാണ് സംഭവം പുറത്തറിയുന്നത്. സ്കൂളിലെ ജലസംഭരണിയിൽനിന്ന് വെള്ളംകോരിയാണ് കുട്ടികൾ ശൗചാലയം കഴുകിയിരുന്നത്. അപകടകരമായ സാഹചര്യത്തിലാണ് വിദ്യാർഥികൾ ജലസംഭരണിയിൽനിന്ന് വെള്ളം കോരിയിരുന്നതെന്ന് സിദ്ധരാജു പറഞ്ഞു.അധ്യാപകർ നിർബന്ധിച്ചതിനാലാണ് ശൗചാലയം ശുചീകരിക്കുന്നതെന്നാണ് വിദ്യാർഥികൾ പറഞ്ഞത്. സംഭവത്തിൽ സിദ്ധരാജു ബ്ലോക്ക് വിദ്യാഭ്യാസ ഓഫീസർക്ക് പരാതി നൽകിയിരുന്നു.