മുൻ ഇന്ത്യൻ താരം വെങ്കിടേശ് പ്രസാദ് കെഎസ്‌സിഎ(കർണാടക സംസ്ഥാന ക്രിക്കറ്റ് അസോസിയേഷൻ) പ്രസിഡണ്ട് സ്ഥാനത്തേക്ക്. തിരഞ്ഞെടുപ്പിൽ എതിരാളിയായിരുന്ന കെ.എൻ. ശാന്തകുമാറിൻ്റെ നാമനിർദേശപത്രിക സൂക്ഷ്മപരിശോധനയിൽ തള്ളിയതോടെയാണ് പ്രസാദ് വിജയം ഉറപ്പിച്ചത്. പ്രസാദിൻ്റെ പാനലിൽ ഉൾപ്പെട്ട കൽപന വെങ്കടച്ചേറുടെ പത്രിക സ്വീകരിച്ചിട്ടുണ്ട്.
ഡമ്മി സ്ഥാനാർഥിയായ ഇവർ പത്രിക പിൻവലിക്കുന്നതോടെ പ്രസാദ് എതിരില്ലാതെ തിരഞ്ഞെടുക്കപ്പെടും, പത്രിക പിൻവലിക്കാനുള്ള അവസാന തീയതിയായ ബുധനാഴ്‌ച പ്രഖ്യാപനമുണ്ടാകും. 1994-2001 കാലത്ത് ഇന്ത്യൻ ടീമിലെ ഓപ്പണിങ് ബോളറായിരുന്ന പ്രസാദ്, സഹതാരങ്ങളായിരുന്ന ജവഗൽ ശ്രീനാഥിൻ്റെയും അനിൽ കുംബ്ലെയുടെയും പിന്തുണയോടെയാണ് കെഎസ്‌സിഎ പ്രസിഡണ്ട് സ്ഥാനത്തേക്ക് മത്സരിച്ചത്.
മുൻപ് കുംബ്ലെ പ്രസിഡണ്ടായിരുന്നപ്പോൾ ശ്രീനാഥ് സെക്രട്ടറിയായും പ്രസാദ് വൈസ് പ്രസിഡണ്ടായും പ്രവർത്തിച്ചിട്ടുണ്ട്.
പ്രസാദ് പ്രസിഡണ്ടും മുൻ ഓപ്പണർ സുജിത്ത് സോമസുന്ദരം സെക്രട്ടറിയുമായ ‘ടീം ഗെയിം ചേഞ്ചേഴ്‌സ് പാനലും മുൻതാരം ബ്രിജേഷ് പട്ടേൽ പിന്തുണയ്ക്കുന്ന കെ.എൻ. ശാന്തകുമാർ പ്രസിഡണ്ട് സ്ഥാനാർഥിയായ പാനലും തമ്മിലായിരുന്നു മത്സരം. ഈ മാസം 30-ന് നടത്താനിരുന്ന തിരഞ്ഞെടുപ്പ് കോടതി ഉത്തരവിനെത്തുടർന്ന് ഏഴിലേക്ക് മാറ്റിവെച്ചിരിക്കുകയാണ്.

Related Posts