ഗുജറാത്തിലെ പഞ്ച്മഹൽ ജില്ലയിൽ പരീക്ഷയ്ക്ക് വൈകിയെത്തിയ വിദ്യാർത്ഥിയെ ചോദ്യം ചെയ്ത അധ്യാപികയുടെ മുഖത്തടിച്ച് വിദ്യാർത്ഥി. പഞ്ച്മഹൽ ജില്ലയിലെ ഷെഹ്റ ടൗണിലെ സ്കൂളിൽ ജനുവരി 24 നാണ് സംഭവം നടന്നത്. വനിതാ ഇൻവിജിലേറ്ററെ പന്ത്രണ്ടാം ക്ലാസ് പ്രിലിമിനറി പരീക്ഷയ്ക്കെത്തിയ മുഹമ്മദ് ഖാൻ അൻസാരിയാണ് മർദിച്ചത്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നതോടെയാണ് സംഭവം പുറത്തറിയുന്നത്. വൈകിയെത്തിയ വിദ്യാർഥിയെ ഇൻവിജിലേറ്റർ ചോദ്യം ചെയ്തു.
ഉടനെ തന്നെ ചോദ്യം ചെയ്യാൻ നീ ആരാണെന്നും വീട്ടിൽ ആരും തന്നോട് ഒന്നും ചോദിക്കാറില്ലെന്നും പറഞ്ഞു അധ്യാപികയുടെ കവിളിൽ അടിക്കുകയും തള്ളിയിടുകയും ക്ലാസ് മുറിയിൽ നിന്ന് ഇറങ്ങിപ്പോകുകയും ചെയ്തു. ഇതിനെതിരേ വ്യാപക പ്രതിഷേധം ഉയർന്നിരുന്നു. എന്നാൽ അതേ ദിവസം തന്നെ പ്രതിയുടെ പിതാവ് അധ്യാപകനോടും ഇൻ-ചാർജ് പ്രിൻസിപ്പലായ വിപുല്‍ പഥക്കിനോടും ക്ഷമാപണം നടത്തിയതായാണ് വിവരം.