പരീക്ഷയ്ക്കിടെ മൊബൈൽ ഫോൺ ഉപയോഗിച്ചതുമായി ബന്ധപ്പെട്ട് പരിശോധന നേരിട്ടതിന് പിന്നാലെ ഐഐടി ബോംബെയിലെ രണ്ടാം വർഷ വിദ്യാർഥിയെ ഹോസ്റ്റൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. ഡിപ്പാർട്ട്മെന്റ് ഓഫ് എനർജി സയൻസ് ആൻഡ് എൻജിനീയറിങ്ങിലെ വിദ്യാർഥിയായ സാഹിൽ വക്കോഡെയാണ് മരിച്ചത്. ആറുമാസത്തിനിടെ ഐഐടി പവായ് ക്യാമ്പസിൽ റിപ്പോർട്ട് ചെയ്യുന്ന മൂന്നാമത്തെ ആത്മഹത്യയാണിതെന്നാണ് റിപ്പോർട്ടുകൾ.
പരീക്ഷയ്ക്കിടെ ഉത്തരം കണ്ടെത്തുന്നതിനായി സാഹിൽ ചോദ്യപേപ്പർ ChatGPT-യിൽ അപ്ലോഡ് ചെയ്തതായി അധികൃതർ അറിയിച്ചു. സംഭവത്തിൽ വിദ്യാർഥിക്കെതിരെ അച്ചടക്ക നടപടി സ്വീകരിച്ചിരുന്നില്ലെന്നും ഐഐടി വ്യക്തമാക്കി. വിഷയത്തിൽ ഇൻസ്ട്രക്ടറും ഡിപ്പാർട്ട്മെന്റ് മേധാവിയും വിദ്യാർഥിയുമായി സംസാരിക്കുകയും കൗൺസലിങ് നൽകുകയും ചെയ്തിരുന്നു.
പഠനത്തെയും കരിയറിനെയും ഈ സംഭവം പ്രതികൂലമായി ബാധിക്കില്ലെന്ന് വിദ്യാർഥിക്ക് ഉറപ്പ് നൽകിയിരുന്നതായും അധികൃതർ അറിയിച്ചു. തുടർന്ന് ഹോസ്റ്റലിലേക്ക് മടങ്ങിയ സാഹിലിനെ വൈകുന്നേരത്തോടെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.
സംഭവത്തിൽ ഐഐടി ബോംബെ കടുത്ത ദുഃഖം രേഖപ്പെടുത്തി. മരണത്തിലേക്ക് നയിച്ച സാഹചര്യങ്ങൾ ബന്ധപ്പെട്ട അധികാരികൾ പരിശോധിച്ചുവരികയാണെന്നും സ്ഥാപനം അറിയിച്ചു.
അതേസമയം, സംഭവത്തിൽ പ്രതിഷേധവുമായി വിദ്യാർഥികൾ രംഗത്തെത്തി. സംഭവത്തിൻ്റെ യഥാർഥ സാഹചര്യം അധികൃതർ പൂർണമായി പുറത്തുവിടുന്നില്ലെന്നാണ് വിദ്യാർഥികളുടെ ആരോപണം. കോപ്പിയടിച്ചതായി ആരോപിക്കപ്പെട്ട സാഹിലിനെ ഒരു വർഷത്തേക്ക് സസ്പെൻഡ് ചെയ്യുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നതായും ചില വിദ്യാർഥികൾ ആരോപിച്ചു. അച്ചടക്ക നടപടിയെക്കുറിച്ചുള്ള ഭയവും സമ്മർദവും മരണത്തിലേക്ക് നയിച്ചിരിക്കാമെന്നാണ് വിദ്യാർഥികളുടെ ആരോപണം. എന്നാൽ ഈ ആരോപണങ്ങൾ ഐഐടി അധികൃതരുടെ വിശദീകരണത്തിൽ സ്ഥിരീകരിച്ചിട്ടില്ല.