ബെംഗളൂരുവിലെ ശിവാജിനഗറിലുള്ള സെന്റ് മേരീസ് ബസിലിക്ക വാർഷിക തിരുനാൾ ആഘോഷങ്ങൾക്ക് ഇന്ന് തുടക്കമാകും. സെപ്റ്റംബർ 8നാണ് പ്രധാന തിരുനാൾ. പതിനായിരക്കണക്കിന് വിശ്വാസികൾ പങ്കെടുക്കുന്ന പ്രധാന മത-സാംസ്കാരിക ആഘോഷങ്ങളിലൊന്നാണിത്.

ഓഗസ്റ്റ് 29 മുതൽ സെപ്റ്റംബർ 8 വരെ 11 ദിവസമാണ് ആഘോഷങ്ങൾ. പ്രത്യേക കുർബാനകൾ, നൊവേന, പ്രദക്ഷിണം തുടങ്ങിയ വിവിധ ആത്മീയ പരിപാടികൾ ഇതിൻ്റെ ഭാഗമായി നടക്കും. സെപ്റ്റംബർ 8ന് പരിശുദ്ധ കന്യാമറിയത്തിൻ്റെ ജനനത്തിരുനാളിനോടനുബന്ധിച്ചാണ് പ്രധാന ആഘോഷങ്ങൾ നടക്കുന്നത്. തിരുനാളിനോടനുബന്ധിച്ചുള്ള കൊടിയേറ്റവും പ്രദക്ഷിണവും കണക്കിലെടുത്ത് ഇന്ന് ഉച്ചയ്ക്ക് 1 മണി മുതൽ രാത്രി 10 മണി വരെ ശിവാജിനഗറിലും സമീപപ്രദേശങ്ങളിലും വാഹന ഗതാഗതത്തിൽ നിയന്ത്രണവും വഴിതിരിച്ചുവിടലും ഏർപ്പെടുത്തിയിട്ടുണ്ട്.

ബാലേക്കുന്ദ്രി സർക്കിൾ–ജ്യോതി കഫേ ജങ്ഷൻ, ശിവാജി സർക്കിൾ–ജ്യോതി കഫേ ജങ്ഷൻ, ബി.ആർ.വി. ജങ്ഷൻ–സെലക്ട് ജങ്ഷൻ തുടങ്ങിയ ഭാഗങ്ങളിൽ വാഹന ഗതാഗതത്തിന് നിയന്ത്രണമുണ്ടാകും. ബൗറിംഗ് ഹോസ്പിറ്റൽ, ക്വാഡ്രന്റ് സർക്കിൾ, ബാംബൂ ബസാർ, സുന്നി സർക്കിൾ എന്നിവിടങ്ങളിലേക്കുള്ള ചില റോഡുകളിലും നിയന്ത്രണമുണ്ടാകും.

ശിവാജിനഗറിലേക്ക് എത്തുന്ന ചില BMTC ബസുകൾക്ക് ബി.ആർ.വി.ജങ്ഷൻ സമീപം താൽക്കാലിക ഡ്രോപ്പ് പോയിന്റുകൾ ഒരുക്കിയിട്ടുണ്ട്. വിവിധ ദിശകളിൽ നിന്നെത്തുന്ന ബസുകൾക്ക് ക്യൂബൺ റോഡ്, ഇൻഫൻട്രി റോഡ്, സെൻട്രൽ സ്ട്രീറ്റ് തുടങ്ങിയ വഴികളിലൂടെ യാത്ര തുടരാനുള്ള ക്രമീകരണങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്.

റസൽ മാർക്കറ്റ്, ബ്രോഡ്‌വേ റോഡ്, മീനാക്ഷി കോവിൽ സ്ട്രീറ്റ്, സെൻട്രൽ സ്ട്രീറ്റ്, ശിവാജി റോഡ്, യൂണിയൻ സ്ട്രീറ്റ്, ഇൻഫൻട്രി റോഡ്, കബൺ റോഡ് തുടങ്ങിയ നിരവധി റോഡുകളിൽ പാർക്കിങ് നിയന്ത്രണമുണ്ടാകും. ചോട്ടാ മൈതാൻ പാർക്കിങ്, ശിവാജിനഗർ BMTC ബസ് സ്റ്റോപ്പിലെ ഒന്നാം നില പാർക്കിങ്, മെയിൻ ഗാർഡ് ക്രോസ് റോഡ് എന്നിവിടങ്ങളിൽ നിശ്ചിത പാർക്കിങ് സൗകര്യം ഒരുക്കിയിട്ടുണ്ട്.

ശിവാജിനഗർ മേഖലയിലേക്ക് അനാവശ്യ യാത്ര ഒഴിവാക്കി, ആവശ്യമായവർ ബദൽ റോഡുകൾ ഉപയോഗിക്കണമെന്നും ട്രാഫിക് പൊലീസിൻ്റെ നിർദേശങ്ങൾ പാലിക്കണമെന്നും അധികൃതർ അറിയിച്ചു.

Related Posts