ഐപിഎല്‍ 2025 ആദ്യ മല്‍സരത്തില്‍ റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരുവിന് ഉജ്വല വിജയം. നിലവിലെ ചാമ്പ്യന്‍മാരായ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെ ഏഴ് വിക്കറ്റിന് കീഴടക്കി. വെടിക്കെട്ട് ബാറ്റിങ് കാഴ്ചവച്ച വിരാട് കോഹ്‌ലിയും ഫിലിപ് സാള്‍ട്ടുമാണ് ആര്‍സിബിക്ക് മികച്ച ജയമൊരുക്കിയത്. ഹോം ഗ്രൗണ്ടായ കൊല്‍ക്കത്ത ഈഡന്‍ ഗാര്‍ഡന്‍സില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റ് ചെയ്ത കെകെആര്‍ 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 174 റണ്‍സ് നേടി. ആര്‍സിബി 16.2 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ ഈ ലക്ഷ്യം മറികടന്നു.
വിരാട് കോഹ്‌ലി 36 പന്തില്‍ 59 റണ്‍സ് നേടി പുറത്താവാതെ നിന്നു. ഫിലിപ് സാള്‍ട്ട് 31 പന്തില്‍ 56 റണ്‍സ് നേടി. 36 പന്തില്‍ മൂന്ന് സിക്‌സറുകളും നാല് ബൗണ്ടറികളും സഹിതമാണ് കോഹ്‌ലി 59 റണ്‍സ് നേടിയത്. 30 പന്തില്‍ നിന്ന് അര്‍ദ്ധസെഞ്ചുറി പൂര്‍ത്തിയാക്കി. ക്യാപ്റ്റന്‍ രജത് പാട്ടിദാര്‍ 16 പന്തില്‍ 34 റണ്‍സ് നേടി. ബൗളിങില്‍ ക്രുണാല്‍ പാണ്ഡ്യ മൂന്ന് വിക്കറ്റ് നേടിയതും വിജയത്തില്‍ നിര്‍ണായകമായി.
ആദ്യം ബാറ്റ് ചെയ്ത കെകെആറിന് വേണ്ടി ക്യാപ്റ്റന്‍ അജിങ്ക്യ രഹാനെ (31 പന്തില്‍ 56), സുനില്‍ നരേയ്ന്‍ (26 പന്തില്‍ 44), അങ്ക്രിഷ് രഘുവന്‍ഷി (22 പന്തില്‍ 30) എന്നിവരാണ് തിളങ്ങിയത്. ആദ്യ ഓവറില്‍ തന്നെ ക്വിന്റണ്‍ ഡി കോക്കിൻ്റെ വിക്കറ്റ് നാല് റണ്‍സിന് നഷ്ടപ്പെട്ടെങ്കിലും അജിങ്ക്യ രഹാനെയും സുനില്‍ നരെയ്‌നും ആക്രമണാത്മക ബാറ്റിങ് പ്രകടനം കാഴ്ചവച്ചു. എന്നാല്‍ പിന്നീടെത്തിയ വെങ്കടേഷ് അയ്യര്‍ (6), റിങ്കു സിങ് (12) എന്നിവര്‍ക്ക് കൂടുതല്‍ റണ്‍സ് നേടാനായില്ല.