രാജ്യാന്തര ക്രിക്കറ്റ് കൗൺസിലിൻ്റെ (ഐസിസി) ട്വന്റി20 റാങ്കിങ്ങിൽ ഇന്ത്യയുടെ തിലക് വർമ രണ്ടാം സ്ഥാനത്ത്. ഓസീസ് താരം ട്രാവിസ് ഹെഡാണ് ഒന്നാമത്. ഹെഡിന് 855ഉം തിലകിന് 832 ഉം പോയിന്റാണുള്ളത്. ദക്ഷിണാഫ്രിക്കയ്ക്കെതിരായ മത്സരത്തിലും ഇംഗ്ലണ്ടിനെതിരായ ട്വന്റി20 പരമ്പരയിലെയും തകർപ്പൻ പ്രകടനമാണ് തിലക് വർമ കാഴ്ചവെച്ചത്.
ഇംഗ്ലണ്ടിനെതിരായ പരമ്പരയിലെ മോശം ഫോമം മലയാളി താരം സഞ്ജുവിന് തിരിച്ചടിയായി. സഞ്ജു 12 സ്ഥാനങ്ങൾ താഴേക്കിറങ്ങി 29–ാം സ്ഥാനത്തായി. ഇംഗ്ലണ്ടിനെതിരെ ആദ്യ മൂന്ന് ടി20 മത്സരങ്ങളിൽ നിന്നായി 34 റൺസ് മാത്രമാണ് സഞ്ജു നേടിയത്. ആദ്യ മത്സരത്തിൽ 26 റൺസെടുത്ത സഞ്ജുവിന് രണ്ടാം മത്സരത്തിൽ അഞ്ചു റൺസിനും മൂന്നാം മത്സരത്തിൽ മൂന്ന് റൺസിനുമാണ് പുറത്തായത്.
ബൗളിങ്ങിൽ ഇംഗ്ലണ്ടിൻ്റെ ആദിൽ റഷീദാണ് ഒന്നാം സ്ഥാനത്ത്. ഇംഗ്ലണ്ടിനെതിരായ ട്വന്റി20 പരമ്പരയിലെ തകർപ്പൻ പ്രകടനം കാഴ്ചവച്ച വരുൺ ചക്രവർത്തി അഞ്ചാം സ്ഥാനത്തെത്തി.