കർണാടകയിലെ ധർമ്മസ്ഥലയിൽ ഒട്ടേറെ പേരെ കൊന്ന് കുഴിച്ചു മൂടിയെന്ന വെളിപ്പെടുത്തലിൽ പ്രത്യേക അന്വേഷണസംഘം (എസ്ഐടി) അന്വേഷണം ആരംഭിച്ചു. അന്വേഷണം നടത്തുന്നത് ഡിജിപി പ്രണവ് മൊഹന്തിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘമാണ്. വെളിപ്പെടുത്തൽ നടത്തിയ ശുചീകരണത്തൊഴിലാളിയിൽ നിന്ന് പ്രത്യേക അന്വേഷണസംഘം ശനിയാഴ്‌ച മൊഴി രേഖപ്പെടുത്തുന്നുണ്ട്.

അന്വേഷണം ഔദ്യോഗികമായി ആരംഭിക്കുന്നതിന് മുന്നോടിയായി വെള്ളിയാഴ്ച അന്വേഷണ സംഘം പലതവണ യോഗം ചേർന്നിരുന്നു. ഡിഐജി എം.എൻ. അനുഛേദ്, ഡിജിപി പ്രണവ് മൊഹന്തി, എസ്.പി. ജിതേന്ദ്രകുമാർ ദയാമ എന്നിവർക്ക് പുറമേ വിവിധ ഇൻസ്പെക്ടർമാർ, സബ് ഇൻസ്പെക്ടർമാർ, ഹെഡ് കോൺസ്റ്റബിൾമാർ, കോൺസ്റ്റബിൾമാർ എന്നിവരടക്കം 20 പേരാണ് പ്രത്യേക അന്വേഷണ സംഘത്തിലുള്ളത്.

കഴിഞ്ഞദിവസം തന്നെ എസ്.പി. ജിതേന്ദ്രകുമാറും ഡിഐജി അനുഛേദും മംഗളൂരുവിലെത്തി 2 തവണ യോഗം വിളിച്ചിരുന്നു. മംഗളൂരുവിലെ സർക്യൂട്ട് ഹൗസിലായിരുന്നു സുപ്രധാനയോഗം നടന്നത്. പടിഞ്ഞാറൻമേഖലാ ഐജി അമിത് സിങ്ങുമായും പിന്നീട് ഇവർ ചർച്ചനടത്തി. 2 മണിക്കൂറോളം ഇത് നീണ്ടുനിന്നു. ഐജിയുമായുള്ള ചർച്ചയ്ക്ക് ശേഷം ഈ ഘട്ടത്തിൽ ഒന്നും പറയാനില്ലെന്നായിരുന്നു ഡിഐജി അനുഛേദിൻ്റെ പ്രതികരണം.

പ്രത്യേക അന്വേഷണ സംഘത്തിൻ്റെ ഓഫീസ് ബെൽത്തങ്കടി പോലീസ് സ്‌റ്റേഷന് സമീപത്തായി സ്ഥാപിക്കാനുള്ള നടപടികളും ആരംഭിച്ചിട്ടുണ്ട്. ധർമ്മസ്ഥലയിലെ വെളിപ്പെടുത്തലുമായി ബന്ധപ്പെട്ട് പരാതി അറിയിക്കാനുള്ള സൗകര്യവും ഇവിടെയുണ്ടാകും. പ്രത്യേകഅന്വേഷണസംഘത്തിൻ്റെ അന്വേഷണം കേസിന്‍റെ സ്വഭാവം കണക്കിലെടുത്ത് അതീവരഹസ്യമായിട്ടായിരിക്കും . അന്വേഷണ വിശദാംശങ്ങളോ കേസുമായി ബന്ധപ്പെട്ട യോഗങ്ങളെക്കുറിച്ചോ മറ്റുനീക്കങ്ങളോ പുറത്തുപോകരുതെന്ന് എസ്ഐടി അംഗങ്ങൾക്ക് കർശന നിർദേശമുണ്ടെന്നും സൂചനയുണ്ട്.

നൂറോളംപേരുടെ മൃതദേഹങ്ങൾ 1995 മുതൽ 2014 വരെയുള്ള കാലയളവിൽ കുഴിച്ചിട്ടെന്നായിരുന്നു ശുചീകരണത്തൊഴിലാളി നടത്തിയ വെളിപ്പെടുത്തൽ. ഇതിൽ മിക്കവരും സ്ത്രീകളും പെൺകുട്ടികളുമാണെന്നും ബലാത്സംഗത്തിനിരയായാണ് പലരും കൊല്ലപ്പെട്ടതെന്നും ഇയാൾ പറഞ്ഞിരുന്നു. സംഭവം വിവാദമായതോടെയാണ് സർക്കാർ ഇക്കാര്യങ്ങളിൽ അന്വേഷണം നടത്താൻ പ്രത്യേക അന്വേഷണസംഘം രൂപവ്‌തകരിച്ചത്.

Related Posts