നഗരമധ്യത്തിൽ യുവാവിനെ വെട്ടിക്കൊന്ന കേസിൽ ആറു പേരെ പോലീസ് അറസ്റ്റുചെയ്തു. ദസറ എക്സിബിഷൻ ഗ്രൗണ്ടിന് സമീപം ദൊഡ്ഡക്കെരെ മൈതാൻ പ്രധാന റോഡിലാണ് ചൊവ്വാഴ്ച രാവിലെ നാടിനെ നടുക്കിയ കൊലനടന്നത്. അശ്വത്കട്ടെയ്ക്കടുത്തുള്ള ക്യാതമാരനഹള്ളിയിൽ താമസിക്കുന്ന ഓട്ടോറിക്ഷാ ഡ്രൈവർ ഗിൽക്കി വെങ്കിടേഷ് (38) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ മൈസൂരു നായിഡു നഗറിലെ കീർത്തി കുമാർ (28), വീരങ്ങരെ സ്വദേശി നന്ദൻ (27), ഗായത്രിപുരത്തെ ഹല്ലപ്പ (24), സിദ്ധാർഥ ലേഔട്ടിൽ നിരുപ് (28), മാണ്ഡ്യ ജില്ലയിലെ മൈലാപുരയിൽ നിന്നുള്ള ധ്രുവകുമാർ (24) ,നസർബാദിലെ ഭരത് (22), എന്നിവരാണ് അറസ്റ്റിലായത്. ഈ വർഷം മേയിൽ കൊല്ലപ്പെട്ട ഗുണ്ടാത്തലവൻ കാർത്തിക്കിൻ്റെ അടുത്തകൂട്ടാളിയായിരുന്നു വെങ്കിടേഷ്.
സാമ്പത്തികത്തർക്കത്തെ തുടർന്ന് ഇരുവരും പിന്നീട് പിണങ്ങിയിരുന്നു. കാർത്തിക്കിൻ്റെ കൊലയ്ക്കുപിന്നിൽ വെങ്കിടേഷാണെന്നായിരുന്നു അഭ്യൂഹം. ഇതിൻ്റെ പ്രതികാരമായിരിക്കാം വെങ്കിടേഷിൻ്റെ കൊലയ്ക്ക് പിന്നിലെന്നാണ് പോലീസ് നിഗമനം.