ബെംഗളുരു വരൾച്ചയും പശ്ചിമഘട്ട പരിസ്ഥിതിലോല മേഖലകളുമായി ബന്ധപ്പെട്ട കരട് വിജ്ഞാപനവും ചർച്ച ചെയ്യുന്നതിനായി കർണാടക നിയമസഭയുടെ പ്രത്യേക സമ്മേളനം സെപ്റ്റംബർ 21 മുതൽ 23 വരെ ചേരും. ആവശ്യത്തിന് കാലവർഷം ലഭിക്കാത്ത സാഹചര്യത്തിൽ സംസ്ഥാനത്തെ 102 താലൂക്കുകൾ വരൾച്ചബാധിതമായി പ്രഖ്യാപിക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണ്. ഇതിനൊപ്പം പശ്ചിമഘട്ടത്തിലെ പരിസ്ഥിതി ദുർബല മേഖലകളുടെ സംരക്ഷണവുമായി ബന്ധപ്പെട്ട കസ്തൂരിരംഗൻ കമ്മിറ്റി റിപ്പോർട്ട് നടപ്പാക്കാനുള്ള കേന്ദ്ര നീക്കത്തിനെതിരെയും കർണാടക നിലപാട് വ്യക്തമാക്കും.
കസ്തൂരിരംഗൻ റിപ്പോർട്ട് അടിസ്ഥാനമാക്കി കേന്ദ്ര പരിസ്ഥിതി മന്ത്രാലയം പുറത്തിറക്കിയ ഏഴാമത്തെ കരട് വിജ്ഞാപനത്തെയും കർണാടക സർക്കാർ എതിർക്കുകയാണ്. സംസ്ഥാനത്തെ 1,449 ഗ്രാമങ്ങളിലെ ജനജീവിതത്തെ നേരിട്ട് ബാധിക്കാവുന്ന വിഷയമായതിനാൽ പ്രത്യേക സമ്മേളനത്തിൽ ഇതിനെതിരെ പ്രമേയം പാസാക്കും. തുടർന്ന് പ്രമേയത്തിൻ്റെ പകർപ്പ് കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന് കൈമാറും.