18 വയസ്സിന് താഴെയുള്ള കുട്ടികളുടെ സോഷ്യൽ മീഡിയ ഉപയോഗത്തിന് കർശന സുരക്ഷാ മാനദണ്ഡങ്ങൾ ഏർപ്പെടുത്തണമെന്ന ഹർജിയിൽ കേന്ദ്രസർക്കാരിന് സുപ്രീംകോടതി നോട്ടീസ്. ഡിജിറ്റൽ പ്ലാറ്റ്ഫോമുകളിൽ കുട്ടികൾ അക്കൗണ്ട് തുറക്കുമ്പോൾ മാതാപിതാക്കളുടെ നിർബന്ധിത സമ്മതവും ഇ-കെവൈസി ഉൾപ്പെടെയുള്ള പ്രായ-തിരിച്ചറിയൽ സംവിധാനങ്ങളും ഏർപ്പെടുത്തണമെന്നാണ് ഹർജിയിലെ ആവശ്യം.
ഓൺലൈൻ ഗ്രൂമിങ്, ലൈംഗിക ചൂഷണം, സൈബർ ബുള്ളിയിങ്, വ്യക്തിഗത വിവരങ്ങളുടെ ദുരുപയോഗം, പ്രായത്തിന് അനുയോജ്യമല്ലാത്ത ഉള്ളടക്കം തുടങ്ങിയ അപകടങ്ങളിൽ നിന്ന് കുട്ടികളെ സംരക്ഷിക്കാൻ നിലവിലെ ഐടി ചട്ടങ്ങളിൽ ഭേദഗതി വരുത്തുകയോ പ്രത്യേക മാർഗനിർദേശങ്ങൾ പുറപ്പെടുവിക്കുകയോ വേണമെന്നും ഹർജിയിൽ ആവശ്യപ്പെടുന്നു.
കുട്ടികളുടെ ഡിജിറ്റൽ സുരക്ഷ ഉറപ്പാക്കുന്നതിനായി സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ കൂടുതൽ കർശനമായ നിയന്ത്രണങ്ങളും സ്ഥിരീകരണ സംവിധാനങ്ങളും വേണമെന്ന ആവശ്യമാണ് ഹർജിയിലൂടെ സുപ്രീംകോടതിയുടെ പരിഗണനയിലെത്തിയത്.