കർണാടകയിൽ കോഴിക്കോട്–ബെംഗളൂരു റൂട്ടിലോടിയിരുന്ന കെഎസ്ആർടിസി സൂപ്പർ ഡീലക്‌സ് ബസ് മറിഞ്ഞ് ഡ്രൈവറും കണ്ടക്ടറും മരിച്ച സംഭവത്തിൽ അപകടകാരണം സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ പുറത്ത്. ഡ്രൈവർക്ക് ആവശ്യമായ വിശ്രമം ലഭിക്കാത്തതിനെ തുടർന്നുണ്ടായ കടുത്ത ക്ഷീണവും ഉറക്കവുമാകാം അപകടത്തിലേക്ക് നയിച്ചതെന്ന ആരോപണം ഉയർന്നിട്ടുണ്ട്.

കോഴിക്കോട് ഡിപ്പോയിലെ KL 15 A 1963 (ATC 129) നമ്പർ ബസാണ് അപകടത്തിൽപ്പെട്ടത്. റോഡരികിലെ കൂറ്റൻ ദിശാസൂചിക ബോർഡിൻ്റെ തൂണിൽ ഇടിച്ച ബസ് തുടർന്ന് നിയന്ത്രണം വിട്ട് തലകീഴായി മറിഞ്ഞതായാണ് വിവരം.

ബസ് ഓടിച്ചിരുന്ന കോഴിക്കോട് വെള്ളയിൽ സ്വദേശി മിഥിലേഷും കണ്ടക്ടറായ കോഴിക്കോട് കോവൂർ സ്വദേശി എൻ.എം. അരുണും സംഭവസ്ഥലത്തുവെച്ചുതന്നെ മരിച്ചു. അപകടത്തിൻ്റെ സാഹചര്യങ്ങൾ സംബന്ധിച്ച് അധികൃതർ അന്വേഷണം തുടരുകയാണ്.

മിഥിലേഷ് മൈസൂർ സർവീസ് പൂർത്തിയാക്കി ഇന്നലെ പുലർച്ചെയാണ് കോഴിക്കോട് തിരിച്ചെത്തിയത്. ഏകദേശം 10 മണിക്കൂർ ഒരാൾ മാത്രം ഡ്രൈവ് ചെയ്യേണ്ട സിംഗിൾ ഡ്രൈവർ സർവീസായിരുന്നു ഇതെന്ന് ജീവനക്കാർ പറയുന്നു.

പുലർച്ചെ സർവീസ് കഴിഞ്ഞെത്തിയ മിഥിലേഷിന് മതിയായ വിശ്രമം ലഭിക്കുന്നതിന് മുമ്പ് തന്നെ ഇന്നലെ രാത്രി 9.30ഓടെ അടുത്ത ബെംഗളൂരു സർവീസിനായി ഡ്യൂട്ടിയിൽ പ്രവേശിക്കേണ്ടിവന്നുവെന്നാണ് ആരോപണം. താൽക്കാലിക ജീവനക്കാരനായിരുന്ന മിഥിലേഷിന് തുടർച്ചയായ ഡ്യൂട്ടി മൂലമുണ്ടായ ക്ഷീണം അപകടത്തിന് കാരണമായിരിക്കാമെന്നാണ് സഹപ്രവർത്തകരുടെ പ്രാഥമിക വിലയിരുത്തൽ.

കോഴിക്കോട്–ബെംഗളൂരു റൂട്ടിൽ സർവീസ് നടത്തുന്ന ഭൂരിഭാഗം കെഎസ്ആർടിസി ബസുകളിലും ഡ്രൈവർ-കം-കണ്ടക്ടർ സംവിധാനമാണ് നിലവിലുള്ളത്. എന്നാൽ രണ്ട് സർവീസുകളിൽ സിംഗിൾ ഡ്രൈവർ ഡ്യൂട്ടിയാണ് ഏർപ്പെടുത്തിയിരിക്കുന്നതെന്നാണ് ജീവനക്കാർ പറയുന്നത്. അപകടത്തിൽപ്പെട്ട ബസും ഈ വിഭാഗത്തിൽപ്പെട്ടതായിരുന്നു.

സിംഗിൾ ഡ്രൈവർ ഡ്യൂട്ടിയിലെ ജോലിഭാരവും ദീർഘദൂര യാത്രയിലെ അപകടസാധ്യതയും കാരണം സ്ഥിരം ജീവനക്കാരിൽ പലരും ഇത്തരം സർവീസുകളിൽ ഡ്രൈവർ ഡ്യൂട്ടി ഏറ്റെടുക്കാൻ താൽപര്യം കാണിക്കാറില്ലെന്നും ജീവനക്കാർ ആരോപിക്കുന്നു. ഇതുമൂലം താൽക്കാലിക ഡ്രൈവർമാരെ ആശ്രയിച്ചാണ് ഇത്തരം സർവീസുകൾ പലപ്പോഴും നടത്തുന്നതെന്നും അവർ പറയുന്നു.

അപകടത്തിൻ്റെ യഥാർഥ കാരണം കണ്ടെത്തുന്നതിനായി പൊലീസ് നടത്തുന്ന അന്വേഷണത്തിലെ കണ്ടെത്തലുകൾ നിർണായകമാകും.

Related Posts