ബോളിവുഡ് നടൻ ടൈഗർ ഷ്റോഫിന് നേരെയുണ്ടായ വെടിവയ്പുമായി ബന്ധപ്പെട്ട് മൂന്ന് പ്രതികളെ പൊലീസ് പിടികൂടി. പൂനെ–ജയ്പൂർ എക്സ്പ്രസ് ട്രെയിനിൽ രക്ഷപ്പെടാൻ ശ്രമിച്ച പ്രതികളെ രാജസ്ഥാനിലെ കോട്ടയിൽ നിന്നാണ് പിടികൂടിയത്. ഇവർക്ക് ലോറൻസ് ബിഷ്ണോയ് സംഘവുമായി ബന്ധമുണ്ടെന്നാണ് സൂചന. ബിഹാർ സ്വദേശി ഹൃതിക് കുമാർ, ഹരിയാന സ്വദേശി രേഹൻ, 17 വയസ്സുകാരൻ എന്നിവരാണ് പിടിയിലായത്.

ഞായറാഴ്ച രാത്രി ഏഴുമണിയോടെ ഫുട്ബോൾ കളിച്ചുമടങ്ങുകയായിരുന്ന ടൈഗർ ഷ്റോഫിന് നേരെയാണ് വെടിവയ്പുണ്ടായത്. ആക്രമണത്തിൽ നടന്റെ ഡ്രൈവർ ഫിർദോസിനും സമീപത്തുണ്ടായിരുന്ന ഓട്ടോറിക്ഷാ ഡ്രൈവർക്കും പരിക്കേറ്റു. ടൈഗർ ഷ്റോഫ് പരിക്കേൽക്കാതെ രക്ഷപ്പെട്ടു.

ആക്രമണത്തിൻ്റെ ഉത്തരവാദിത്തം ലോറൻസ് ബിഷ്ണോയ് സംഘം ഏറ്റെടുത്തിരുന്നു. നടൻ സൽമാൻ ഖാനുമായി അടുപ്പം പുലർത്തിയാൽ പ്രത്യാഘാതങ്ങൾ നേരിടേണ്ടിവരുമെന്ന ഭീഷണിയും സംഘം മുഴക്കിയതായാണ് റിപ്പോർട്ട്. നേരത്തെ തനിക്കെതിരെ വധഭീഷണിയുണ്ടായിരുന്നില്ലെന്നും സൽമാൻ ഖാനുമായി അടുത്ത ബന്ധമില്ലെന്നും ടൈഗർ ഷ്റോഫ് വ്യക്തമാക്കിയിരുന്നു.

വെടിവയ്പിനുശേഷം അന്ധേരി റെയിൽവേ സ്റ്റേഷനിലെത്തിയ പ്രതികൾ ബൈക്ക് ഉപേക്ഷിച്ച് ബോറിവലിയിലേക്ക് കടന്നു. തുടർന്ന് പൂനെ–ജയ്പൂർ എക്സ്പ്രസിൽ രക്ഷപ്പെടാൻ ശ്രമിക്കുകയായിരുന്നു. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ പ്രതികളെ പിന്തുടർന്ന മുംബൈ പൊലീസ് ഇവരുടെ ചിത്രങ്ങൾ ഗുജറാത്ത്, രാജസ്ഥാൻ പൊലീസുകൾക്ക് കൈമാറി. കോട്ടയിൽ ഇറങ്ങിയ പ്രതികളെ രാജസ്ഥാൻ ആന്റി ഗ്യാങ്സ്റ്റർ ടാസ്ക് ഫോഴ്സ് പിടികൂടുകയായിരുന്നു. ഇവരെ മുംബൈ ക്രൈംബ്രാഞ്ചിന് കൈമാറും.

സംഭവത്തിനു പിന്നാലെ ബോളിവുഡ് താരങ്ങളുടെ സുരക്ഷ മഹാരാഷ്ട്ര സർക്കാർ വർധിപ്പിച്ചു. കുറ്റകൃത്യ സംഘങ്ങളുടെ അക്രമങ്ങൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് വ്യക്തമാക്കി.

Related Posts