യുഡിഎഫ് – സിപിഎം പ്രതിഷേധ പ്രകടനങ്ങൾക്കിടെ പൊലീസ് നടത്തിയ ലാത്തിച്ചാര്‍ജിൽ പരിക്കേറ്റ ഷാഫി പറമ്പിൽ എംപിയെ അടിയന്തിര ശാസ്ത്രക്രിയക്ക് വിധേയനാക്കി. ടി സിദ്ദിഖ് എംഎൽഎ ആണ് ഇക്കാര്യം വ്യക്തമാക്കിയത്. ഷാഫിയുടെ മൂക്കിന്റെ എല്ലിന് പൊട്ടലുണ്ടെന്നാണ് കോഴിക്കോട് ഡിസിസി പ്രസിഡന്‍റ് പ്രവീൺ കുമാർ പറഞ്ഞത്. സ്വകാര്യ ആശുപത്രിയിൽ നടത്തിയ പരിശോധനയിലാണ് മൂക്കിന്റെ പൊട്ടൽ കണ്ടെത്തിയത്. പിന്നാലെയാണ് അടിയന്തിര ശാസ്ത്രക്രിയക്ക് വിധേയനാക്കിയത്.
വൈകിട്ട് മൂന്ന് മണിക്ക് പേരാമ്പ്രയിൽ യുഡിഎഫ് സംസ്ഥാനതല പ്രതിഷേധസംഗമം നടക്കും. കെ.സി. വേണുഗോപാൽ എംപി പരിപാടി ഉദ്ഘാടനം ചെയ്യും. ഇന്നലെ രാത്രി വൈകിയും സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും പ്രതിഷേധം ശക്തമായിരുന്നു. നിരവധി സ്ഥലങ്ങളിൽ പൊലീസ് പ്രതിഷേധക്കാരെ നീക്കാൻ ബലം പ്രയോഗിക്കേണ്ടിവന്നു. വിവിധ ജില്ലകളിൽ കോൺഗ്രസ് മാർച്ചുകൾക്കും ദേശീയപാത ഉപരോധങ്ങൾക്കും ഇടയിൽ സംഘർഷം ഉണ്ടായി. പലയിടങ്ങളിലും നീണ്ട നേരം ഗതാഗതം നിലച്ചിരുന്നു.