സ്ത്രീകളോട് ലൈംഗികാതിക്രമം നടത്തിയെന്ന പരാതിയിൽ കോടതി ജഡ്ജിക്കെതിരെ ഹൈക്കോടതി അന്വേഷണത്തിന് ഉത്തരവിട്ടു. ഹൈക്കോടതിയുടെ ഭരണസമിതി കൊല്ലം ചവറ കുടുംബ കോടതി ജഡ്ജി വി. ഉദയകുമാറിനെതിരെയാണ് അന്വേഷണത്തിന് ഉത്തരവിട്ടത്.
ഇദ്ദേഹത്തിനെതിരെ 3 പരാതികളാണ് ലഭിച്ചത്. ഈ പരാതികൾ പരിഗണിച്ച്, ഹൈക്കോടതിയുടെ രജിസ്ട്രാർ (ഡിസ്ട്രിക്ട് ജുഡീഷ്യറി) അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ ഹൈക്കോടതി നിർദ്ദേശിച്ചു. ചൊവ്വാഴ്ച ഹൈക്കോടതിയുടെ അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി ഈ റിപ്പോർട്ട് പരിഗണിക്കും.
കൊല്ലം പ്രിൻസിപ്പൽ ഡിസ്ട്രിക്ട് ജഡ്ജിക്ക് ഒരു വനിത രേഖാമൂലം നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഹൈക്കോടതിയുടെ നടപടി. ജഡ്ജിയുടെ ചേമ്പറിനുള്ളിൽ വെച്ച് ലൈംഗികാതിക്രമം നടന്നുവെന്നാണ് പരാതിയിൽ പറയുന്നത്.
ഉദയകുമാറിനെ ഓഗസ്റ്റ് 20-ന് ഭരണപരമായ കാരണങ്ങൾ ചൂണ്ടിക്കാട്ടി കൊല്ലം മോട്ടോർ ആക്സിഡന്‍റ്സ് ക്ലെയിംസ് ട്രിബ്യൂണലിലേക്ക് സ്ഥലം മാറ്റിയിരുന്നു. ഉത്തരവുകൾ ഉണ്ടാകുന്നതുവരെ ജുഡീഷ്യൽ ചുമതലകൾ വഹിക്കരുതെന്നും നിർദ്ദേശമുണ്ട്.