ഇടുക്കി മണിയാറൻകുടിയിൽ വീട്ടിലെ പ്രസവത്തിനിടയിൽ നവജാത ശിശു മരിച്ചു. പാസ്റ്ററായി ജോലി ചെയ്യുന്ന ജോൺസൻ്റെയും ബിജിയുടെയും കുഞ്ഞാണ് ഇന്ന് മരിച്ചത്. ഇടുക്കി പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചിരിക്കുകയാണ്. പോസ്റ്റുമോർട്ടത്തിനു ശേഷം തുടർ നടപടികൾ സ്വീകരിക്കുമെന്ന് പോലീസ് പറഞ്ഞു.
ദമ്പതികൾ അവരുടെ വിശ്വാസപ്രകാരം ആശുപത്രിയിൽ ചികിത്സ തേടാത്ത വിഭാഗത്തിൽപ്പെട്ടവരാണ്. ജോൺസണും കുടുംബവും കുറച്ചുദിവസം മുമ്പാണ് മണിയാറൻ കുടിയിൽ വാടകയ്ക്ക് താമസം ആരംഭിച്ചത്. കുഞ്ഞ് മരിച്ച വിവരം അറിഞ്ഞ് ആരോഗ്യ വകുപ്പ് ജീവനക്കാർ എത്തിയെങ്കിലും ഇവർ ആശുപത്രിയിൽ പോകാൻ തയ്യാറായില്ല.
വിവരമറിഞ്ഞെത്തിയ പോലീസ് ബിജിയെ ഇടുക്കി മെഡിക്കൽ കോളേജിലേക്ക് മാറ്റി. ദമ്പതികൾക്ക് 12, 9, 5 വയസുള്ള 3 മക്കളുണ്ട്. 3 കുട്ടികളുടെയും പ്രസവം ഭർത്താവ് തന്നെയാണ് എടുത്തതെന്നാണ് ബിജി ആരോഗ്യ പ്രവർത്തകരോട് പറഞ്ഞത്.