കനത്ത മഴയും മിന്നൽ പ്രളയവും ഉരുൾപൊട്ടലും മൂലം ബംഗ്ലാദേശിൽ വൻ നാശനഷ്ടം. ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 51 ആയി ഉയർന്നതായാണ് റിപ്പോർട്ട്. ആയിരക്കണക്കിന് കുടുംബങ്ങൾക്ക് വീടുകൾ നഷ്ടമായതോടെ പത്ത് ലക്ഷത്തിലധികം ആളുകൾ ദുരിതത്തിലായി.
തലസ്ഥാനമായ ധാക്ക ഉൾപ്പെടെ രാജ്യത്തിൻ്റെ വിവിധ ഭാഗങ്ങളെ മഴക്കെടുതി സാരമായി ബാധിച്ചു. റോഹിങ്ക്യൻ അഭയാർഥികൾ കൂടുതലായി താമസിക്കുന്ന കോക്സ് ബസാർ ജില്ലയിലാണ് ഏറ്റവും കൂടുതൽ നാശനഷ്ടമുണ്ടായത്. റിപ്പോർട്ട് ചെയ്ത 51 മരണങ്ങളിൽ 28 പേരും ഈ ജില്ലയിൽ നിന്നുള്ളവരാണ്. കഴിഞ്ഞ ആഴ്ച ഇതേ ജില്ലയിൽ സ്കൂളിലേക്ക് വെള്ളം കയറിയതിനെ തുടർന്ന് വിദ്യാർഥികളും അധ്യാപകനും മരിച്ചിരുന്നു.
കനത്ത മഴയെ തുടർന്ന് റോഡ് ഗതാഗതം പല പ്രദേശങ്ങളിലും താറുമാറായി. വിദ്യാർഥികളുടെ പരീക്ഷകൾ മാറ്റിവെച്ചിരിക്കുകയാണ്. ധാക്കയിലെ പല പ്രദേശങ്ങളും വെള്ളത്തിനടിയിലായതോടെ ജനജീവിതം ദുസ്സഹമായി. പതിനായിരക്കണക്കിന് ആളുകൾ സർക്കാർ സജ്ജമാക്കിയ ദുരിതാശ്വാസ ക്യാമ്പുകളിലാണ് കഴിയുന്നത്.