ആന്ധ്രാപ്രദേശിലെ പൽനാട് ജില്ലയിൽ സ്വകാര്യ ബസും ഓട്ടോറിക്ഷയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഏഴ് പേർ മരിച്ചു. എട്ട് പേർക്ക് പരിക്കേറ്റു. വ്യാഴാഴ്ച പുലർച്ചെയാണ് നാടിനെ നടുക്കിയ അപകടം.

ചിലകലപ്പേട്ടയിലെ കലാമന്ദിർ ജംഗ്ഷന് സമീപമാണ് വിജയവാഡയിൽ നിന്ന് തിരുപ്പതിയിലേക്ക് പോകുകയായിരുന്ന സ്വകാര്യ ബസ് ഓട്ടോറിക്ഷയുമായി കൂട്ടിയിടിച്ചത്. യാത്രക്കാരനെ കയറ്റുന്നതിനായി ചിലകലപ്പേട്ട് ബൈപാസിലെത്തിയ ബസ് പിന്നീട് നരസറാവുപേട്ട് ബസ് സ്റ്റാൻഡിലേക്ക് പോകുന്നതിനിടെയായിരുന്നു അപകടം.

കൊണ്ടമഞ്ചുളൂരിൽ നടന്ന ജന്മദിനാഘോഷത്തിൽ പങ്കെടുത്ത ശേഷം 15 പേരുമായി വേലൂർ ഗ്രാമത്തിലേക്ക് മടങ്ങുകയായിരുന്ന ഓട്ടോറിക്ഷയാണ് അപകടത്തിൽപ്പെട്ടത്. ഇടിയുടെ ആഘാതത്തിൽ ഓട്ടോറിക്ഷയിലുണ്ടായിരുന്നവരിൽ പലർക്കും ഗുരുതരമായി പരിക്കേറ്റു.

ബൊന്ത ബാബു (62), ബൊന്ത മണമ്മ (55), സമ്പൂർണ്ണമ്മ (70), ലക്ഷ്മമ്മ (75), ഗംഗമ്മ (50), ചൗതുപ്പള്ളി സുവർണ (45), മരിയമ്മ (45) എന്നിവരാണ് മരിച്ചത്. നാല് പേർ സംഭവസ്ഥലത്തും മൂന്ന് പേർ ആശുപത്രിയിൽ ചികിത്സയിലിരിക്കെയുമാണ് മരിച്ചത്. പരിക്കേറ്റ എട്ട് പേരിൽ നാല് കുട്ടികളും ഉൾപ്പെടുന്നു. ഇവരെ സമീപത്തെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ച് ചികിത്സ നൽകി വരികയാണ്.

അതേസമയം, ഓട്ടോറിക്ഷ ഡ്രൈവർ അമിതമായി മദ്യപിച്ചിരുന്നതായി നാട്ടുകാർ ആരോപിച്ചു. അപകടത്തിൻ്റെ യഥാർഥ കാരണം കണ്ടെത്തുന്നതിനായി പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Related Posts