റോഡിന് കുറുകെ കെട്ടിയിരുന്ന കയർ കഴുത്തിൽ കുരുങ്ങി സ്കൂട്ടർ യാത്രക്കാരൻ മരിച്ചു. ചിക്കമഗളൂരു നഗരത്തിന് സമീപം തേഗൂർ ഗ്രാമത്തിലാണ് സംഭവം. നഗരത്തിലെ സയ്യിദ് ഗല്ലി സ്വദേശിയായ മുഹമ്മദ് ഗൗസ് ഖാൻ (36) ആണ് മരിച്ചത്. ഞായറാഴ്ചയാണ് അപകടമുണ്ടായത്.
ഭാര്യയോടൊപ്പം സ്കൂട്ടറിൽ തേഗൂർ ഭാഗത്തുനിന്ന് ചിക്കമഗളൂരു നഗരത്തിലേക്ക് വരികയായിരുന്നു ഗൗസ് ഖാൻ. ട്രാക്ടറിൽ മരത്തടികൾ കയറ്റുന്നതിനായി റോഡിന് കുറുകെ കെട്ടിയിരുന്ന കയർ യാത്രയ്ക്കിടെ കഴുത്തിൽ കുരുങ്ങുകയായിരുന്നു. കയർ ശ്രദ്ധയിൽപ്പെടാതെ പോയതാണ് അപകടത്തിന് കാരണമെന്നാണ് റിപ്പോർട്ട്.
സംഭവത്തിൽ ചിക്കമഗളൂരു ഗ്രാമാന്തര പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.