സംസ്ഥാനത്തെ 14 ജില്ലകളിലെ കെഎസ്ആർടിസി ബസ് സ്റ്റാൻഡുകളിൽ കുറഞ്ഞ നിരക്കിൽ സാനിറ്ററി നാപ്കിനുകൾ ലഭ്യമാക്കാൻ വെൻഡിങ് മെഷീനുകളും ഉപയോഗിച്ച നാപ്കിനുകൾ സംസ്കരിക്കാൻ ഇൻസിനറേറ്ററുകളും സ്ഥാപിക്കാൻ വനിതാ ശിശുവികസന വകുപ്പ് ഒരുങ്ങുന്നു. യാത്രയ്ക്കിടെ സ്ത്രീകൾക്ക് ആവശ്യമായ ശുചിത്വ ഉൽപ്പന്നങ്ങൾ എളുപ്പത്തിൽ ലഭ്യമാക്കുന്നതിനും ഉപയോഗിച്ച നാപ്കിനുകൾ സുരക്ഷിതമായി സംസ്കരിക്കുന്നതിനുമാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.
‘വുമൺ ഓൺ ദ മൂവ് ആൻഡ് മെൻസ്ട്രൽ നീഡ്സ്’ (WOMN) എന്ന പേരിലാണ് പദ്ധതി നടപ്പാക്കുന്നത്. 16,61,906 രൂപ ചെലവഴിക്കുന്ന പദ്ധതിയുടെ നടത്തിപ്പ് എച്ച്എൽഎൽ ലൈഫ് കെയർ ലിമിറ്റഡ് വഴിയാണ്. പദ്ധതിയുടെ ആദ്യഘട്ടത്തിൽ തിരുവനന്തപുരം സെൻട്രൽ (തമ്പാനൂർ), കിഴക്കേക്കോട്ട, കൊല്ലം, കരുനാഗപ്പള്ളി, പുനലൂർ, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, മൂന്നാർ, എറണാകുളം സെൻട്രൽ, വൈറ്റില ഹബ്, നോർത്ത് പറവൂർ, തൃശൂർ, പാലക്കാട്, മലപ്പുറം, പെരിന്തൽമണ്ണ, കോഴിക്കോട്, സുൽത്താൻ ബത്തേരി, കണ്ണൂർ, പയ്യന്നൂർ, കാസർഗോഡ് എന്നിവിടങ്ങളിലെ ബസ് സ്റ്റാൻഡുകളിലാണ് സൗകര്യം ഒരുക്കുന്നത്.